wayanad local

പിഎല്‍സി യോഗം വീണ്ടും അലസി; ഇനി നോട്ടിഫിക്കേഷനെന്നു സര്‍ക്കാര്‍

കല്‍പ്പറ്റ: ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ സംസ്ഥാനത്തെ തോട്ടംതൊഴിലാളികളുടെ അനിശ്ചിതകാല സമരത്തിന്റെ ആവശ്യങ്ങളില്‍ പലതും അംഗീകരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈയെടുത്ത സര്‍ക്കാര്‍ പിന്നീട് ഇക്കാര്യത്തില്‍ അയഞ്ഞ സമീപനം സ്വീകരിച്ചുവെന്ന് ആക്ഷേപം.
ഇതിന്റെ ഫലമായി ഉടമകളും പിടിവാശിയിലേക്ക് നീങ്ങി. സര്‍ക്കാരുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തി പുതിയ കൂലി കരാര്‍ പ്രാബല്യത്തിലാക്കാന്‍ 20നു ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയും തീരുമാനത്തിലെത്താതെ അലസിപ്പിരിയുകയായിരുന്നു. തോട്ടംതൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനായി 13 മാസത്തിനിടെ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗങ്ങളെല്ലാം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 14 വരെ സംസ്ഥാനത്തെ മൂന്നു ലക്ഷത്തോളം തോട്ടംതൊഴിലാളികളും പണിമുടക്കിയത്.
ഒടുവില്‍ അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയും വൈദ്യുതി മന്ത്രിയുമായി നടത്തിയ പിഎല്‍സി യോഗത്തിലാണ് വേതനം 301 രൂപയായി പ്രഖ്യാപനം ഉണ്ടായത്. 2015 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം വേതനവര്‍ധനവിന് അന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്കില്‍ നിന്നു ട്രേഡ് യൂനിയനുകള്‍ പിന്മാറിയത്.
എന്നാല്‍, തേയില, കാപ്പി, റബര്‍ത്തോട്ടങ്ങളിലെ അധ്വാനഭാരം വര്‍ധിപ്പിക്കണമെന്നും ഏലത്തോട്ടങ്ങളിലെ ജോലിസമയം കൂട്ടണമെന്നും എഗ്രിമെന്റ് കാലാവധി മൂന്നില്‍ നിന്നു നാലു വര്‍ഷമായി ഉയര്‍ത്തണമെന്നും മുന്‍കാല പ്രാബല്യം വേതന വര്‍ധനവിന് പാടില്ലെന്നുമാണ് ഒത്തുതീര്‍പ്പിനു ശേഷം ഉടമകളുടെ നിലപാട്. സര്‍ക്കാരിന്റെ അയഞ്ഞ സമീപനമാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ തോട്ടം ഉടമകള്‍ക്കു ധൈര്യം പകര്‍ന്നത്. ഒത്തുതീര്‍പ്പ് വേളയിലെ വ്യവസ്ഥയില്‍ നിന്ന് അല്‍പം പോലും പിന്നോട്ടു പോവാന്‍ കഴിയില്ലെന്ന ഉറച്ച നിലപാട് ട്രേഡ് യൂനിയനുകള്‍ സര്‍ക്കാരിനെയും ഉടമകളെയും അറിയിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ പിഎല്‍സി യോഗത്തിലും തര്‍ക്കം തുടര്‍ന്നപ്പോള്‍ ഭരണകക്ഷി അനുകൂല യൂനിയനുകള്‍ സര്‍ക്കാരിന്റെയും ഉടമകളുടെയും നിര്‍ദേശങ്ങളെ അനുകൂലിക്കാന്‍ തയ്യാറായെന്നും ആക്ഷേപമുണ്ട്. ഉടമകളുടെ പിടിവാശിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തിയാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്നു പിഎല്‍സി അംഗവും സ്റ്റേറ്റ് പ്ലാന്റേഷന്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ പി കെ മൂര്‍ത്തി അറിയിച്ചു.
Next Story

RELATED STORIES

Share it