thrissur local

പിഎഫ് പെന്‍ഷന്‍ പദ്ധതിഹൈക്കോടതി വിധി ഉടനെ നടപ്പാക്കണം: എഐടിയുസി

തൃശൂര്‍: ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ തൊഴിലാളി ദ്രോഹകരമായ ഭേദഗതി വ്യവസ്ഥകള്‍ ഹൈക്കോടതി വിധി അനുസരിച്ച് ഉടനെ റദ്ദാക്കണമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി എ എന്‍ രാജന്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധി നടപ്പാക്കുന്നതിനുപകരം അപ്പീല്‍ കൊടുത്ത് വീണ്ടും തൊഴിലാളികളെ ദ്രോഹിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കേരള ഫീഡ്‌സ് ഫീല്‍ഡ് സ്റ്റാഫ് ആന്റ് അദര്‍ എംപ്ലോയീസ് യൂനിയന്‍ പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി എഫ് പെന്‍ഷന്‍ പദ്ധതിയില്‍ 2014 സപ്തംബര്‍ ഒന്നിനു പ്രാബല്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതികളെല്ലാം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നിക്ഷേധിക്കുന്ന വ്യവസ്ഥകള്‍ ആയിരുന്നു. യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് പിഎഫ് പെന്‍ഷന്‍ വിഹിതം നല്‍കാനുള്ള ഓപ്ഷന് അവസരം മോദി സര്‍ക്കാര്‍ നിഷേധിച്ചതും പെന്‍ഷന് 60 മാസത്തെ ശരാശരി ശമ്പളം കണക്കാക്കണമെന്ന് നിഷ്‌ക്കര്‍ഷിച്ചതും ഹൈക്കോടതി റദ്ദാക്കിയത് തൊഴിലാളികള്‍ക്ക് വളരെയധികം ആശ്വാസമായി.
എല്ലാ തൊഴിലാളികള്‍ക്കും വേതനപരിധിയില്ലാതെ പിഎഫ് നിയമം ബാധകമാക്കിയാല്‍ പി എഫ് ഫണ്ട് വളരെയധികമായി വര്‍ദ്ധിക്കുകയും പി എഫ് ട്രസ്റ്റ് ലാഭകരമാകുകയും തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്യും. മോദി സര്‍ക്കാര്‍ വേതനപരിധിയില്ലാതെ പി എഫ് ബാധകമാക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യം നടപ്പാക്കാത്തത് തൊഴിലുടമകളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനാണ്.
പുതിയതായി തുടങ്ങുന്ന സ്ഥാപനങ്ങളില്‍ തൊഴിലുടമ പിഎഫില്‍ അടയ്‌ക്കേണ്ട വിഹിതം ആദ്യത്തെ മൂന്നു വര്‍ഷം ഗവണ്മെന്റ് അടയ്ക്കുവാനും നിലവിലുള്ള സ്ഥാപനങ്ങളില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികളുടെ പിഎഫില്‍ അടയ്‌ക്കേണ്ട തൊഴിലുടമയുടെ വിഹിതവും മൂന്നുവര്‍ഷം ഗവ. അടയ്ക്കുന്നതിനു തീരുമാനിച്ചത് കോര്‍പറേറ്റുകള്‍ക്ക് വലിയ ലാഭമുണ്ടാക്കുന്ന നടപടികളാണ്. കോര്‍പറേറ്റുകള്‍ക്ക് കൊള്ള ലാഭമുണ്ടാക്കുന്ന ഈ നടപടികളെല്ലാം റദ്ദു ചെയ്ത് പാവപ്പെട്ട തൊഴിലാളികളുടെ പിഎഫ്പലിശയും പെന്‍ഷനും വര്‍ധിപ്പിക്കുന്നതിന് ഉപയോഗിക്കണമെന്ന് രാജന്‍ ആവശ്യപ്പെട്ടു.
പൊതുയോഗം കേരള ഫീഡ്‌സിലെ മുഴുവന്‍ ദിവസക്കൂലിക്കാര്‍ക്കും കോണ്‍ട്രാക്ട് തൊഴിലാളികള്‍ക്കും റഗുലര്‍ ജീവനക്കാരുടെ ദിവസ വേതനം നല്‍കാന്‍ ഉത്തരവിറക്കിയ ഇടതുപക്ഷ സര്‍ക്കാരിനെയും മന്ത്രി കെ രാജുവിനെയും നന്ദി അറിയിച്ചു. 645 രൂപ മുതല്‍ 895 രൂപ വരെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ദിവസവേതനം ലഭിക്കും. യോഗത്തില്‍ കെ ബി സുധീര്‍കുമാര്‍, കെ സി ഹരിദാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it