palakkad local

പിഎംഎവൈ ഭവന പദ്ധതി: സര്‍ക്കാരിനെതിരേ നഗരസഭ

പാലക്കാട്: പ്രധാനമന്ത്രിയുടെ ആവാസ് യോജന (നഗരം) പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവന പദ്ധതിയില്‍ ഒരു വീടിന് മൂന്നു ലക്ഷം രൂപ എന്നത് നാലു ലക്ഷമായി ഉയര്‍ത്തുകയും നഗരസഭാ വിഹിതം രണ്ടുലക്ഷമായി വര്‍ധിപ്പിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പാലക്കാട് നഗരസഭ. പദ്ധതിയുടെ തുക നാലുലക്ഷമായി ഉയര്‍ത്തി കൈയടി നേടുന്ന സര്‍ക്കാര്‍, നഗരസഭാ വിഹിതം രണ്ടുലക്ഷമാക്കി വര്‍ധിപ്പിച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ ആരോപിച്ചു.
വര്‍ധിപ്പിച്ച വിഹിതം സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന പ്രമേയവും കൗണ്‍സില്‍ പാസാക്കി. സി കൃഷ്ണകുമാര്‍ അവതരിപ്പിച്ച പ്രമേയത്തെ എല്‍ഡിഎഫ് എതിര്‍ത്തപ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ അനുകൂലിച്ചു. പിഎംഎവൈ പദ്ധതി പ്രകാരം വീടിനുള്ള നിരക്ക് നാലു ലക്ഷമായി ഉയര്‍ത്തിയ തീരുമാനത്തില്‍ ഗവ.ഉത്തരവ് ലഭിച്ച ശേഷം നഗരസഭ നിലപാടെടുത്താല്‍ മതിയെന്ന സമീപനമായിരുന്നു എല്‍ഡിഎഫ് സ്വീകരിച്ചത്.
നിലവില്‍ പിഎംഎവൈ പദ്ധതിയില്‍ 1.5 ലക്ഷം രൂപ കേന്ദ്രവിഹിതവും 50000രൂപ സംസ്ഥാന വിഹിതവും 50000 നഗരസഭ, 50000 ഗുണഭോക്തൃ വിഹിതം എന്നിങ്ങനെയാണ് അടയ്‌ക്കേണ്ടത്. പുതിയ തീരുമാനമനുസരിച്ച് നഗരസഭാവിഹിതം രണ്ടുലക്ഷം രൂപയായി ഉയരും. ഗുണഭോക്തൃ വിഹിതം ഉണ്ടാകില്ല. കേന്ദ്രവിഹിതം 1.5 ലക്ഷം രൂപയും സംസ്ഥാന വിഹിതം അമ്പതിനായിരം രൂപയും എന്ന നിരക്കില്‍ മാറ്റമില്ല.
പിഎംഎവൈ പദ്ധതിയുടെ നഗരസഭാ വിഹിതം രണ്ടുലക്ഷമാക്കുന്നതിലൂടെ നഗരസഭയ്ക്ക് ഭീമമായ സാമ്പത്തിക ബാധ്യത വന്നു ചേരുമെന്നാണ് ഭരണപക്ഷ അംഗങ്ങളുടെ ആശങ്ക. അതേ സമയം, വീടുവയ്ക്കാന്‍ നാലുലക്ഷം നല്‍കാനെടുത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് സിപിഎം പ്രതിനിധി എ കുമാരി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ നഗരസഭയ്ക്ക് ബാധ്യതയുണ്ടെന്ന് നഗരസഭാ സെക്രട്ടറി മറുപടി പറഞ്ഞു. ഫണ്ട് കണ്ടെത്തേണ്ട ഉത്തരവാദിത്വവും നഗരസഭയ്ക്കാണ്. നിലവില്‍ 1759പേരാണ് പിഎംവൈഎ പദ്ധതിപ്രകാരമുള്ളത്. ഇതില്‍ ഗുണഭോക്്തൃവിഹിതം അടച്ചവരുമുണ്ട്.
ഇവര്‍ക്കും അധിക വിഹിതം നല്‍കേണ്ടി വരും. മാത്രവുമല്ല, അടച്ച 50000തിരികെ നല്‍കേണ്ടിയും വരും. ഈ കാര്യത്തില്‍ എന്തു തീരുമാനമെടുക്കണമെന്നത് ഗവ.ഉത്തരവ് ലഭിച്ചാലെ വ്യക്തമാക്കാന്‍ കഴിയുകയുള്ളൂവെന്നും സെക്രട്ടറി വിശദീകരിച്ചു. 2014ല്‍ ഭൂരഹിതരായവര്‍ക്ക് വീടുവച്ച് നല്‍കാന്‍ എലുപ്പുള്ളിയിലും ഓലശ്ശേരിയിലും ഭൂമിവാങ്ങിയ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ബിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വീട് വയ്ക്കാന്‍ കൊള്ളാത്ത സ്ഥലം മൊത്തമായി വാങ്ങിയതിന് പിന്നില്‍ ഭൂമാഫിയകളുടെ ഇടപെടലുകളുണ്ടെന്നും ആരോപണമുയര്‍ന്നു. വിഷയം വിജിലന്‍സിന് വിടുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് യുഡിഎഫ്, എല്‍ഡിഎഫ് കക്ഷികളും വ്യക്തമാക്കി. കുന്നത്തുര്‍ മേട് പാറക്കുളം സ്വകാര്യവ്യക്തി നികത്തുന്നത് സംബന്ധിച്ചും കൗണ്‍സിലില്‍ ചര്‍ച്ചയായി.
ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി സാബു, സെയ്തലവി, വി രഞ്ചിത്ത്, മണി, എസ് ആര്‍ ബാലസുബ്രഹ്്മണ്യം പങ്കെടുത്തു.
Next Story

RELATED STORIES

Share it