Flash News

പിഎംഎല്‍-എന്‍ നേതൃത്വം : ശരീഫ് തിരിച്ചെത്തിയേക്കും



ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഭരണകക്ഷി പിഎംഎല്‍-എന്‍ നേതൃസ്ഥാനത്ത് തിരിച്ചെത്തിയേക്കും. നേരത്തേ പാനമ അഴിമതിക്കേസില്‍ സുപ്രിംകോടതി അയോഗ്യത കല്‍പിച്ചതിനെത്തുടര്‍ന്നാണ് ശരീഫ് പ്രധാനമന്ത്രി സ്ഥാനവും ദേശീയ അസംബ്ലി അംഗത്വവും ഒഴിഞ്ഞത്. ഇതിനൊപ്പം പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ശരീഫ് മാറിയിരുന്നു. അയോഗ്യത കല്‍പിക്കപ്പെട്ട് പുറത്തായ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വം വഹിക്കാന്‍ അനുമതി നല്‍കുന്നത് പുതിയ നിയമനിര്‍മാണത്തിന് പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റ് അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്ത ആര്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വത്തിലിരിക്കാമെന്നാണു പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. പാര്‍ലമെന്റ് അംഗമാവാന്‍ യോഗ്യതയുള്ളവര്‍ക്കു മാത്രമേ രാഷ്ട്രീയപ്പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ക്ക് അര്‍ഹതയുള്ളൂവെന്ന വ്യവസ്ഥ ഒഴിവാക്കുകയും ചെയ്തു. തിങ്കളാഴ്ച പാക് പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയിലും നിയമഭേദഗതി പരിഗണിക്കും. പിഎംഎല്‍-എന്നിന് ഭൂരിപക്ഷമുള്ള ദേശീയ അസംബ്ലിയിലും ഭേദഗതി അംഗീകരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഇരുസഭകളും പാസാക്കിയ ബില്ല് പ്രസിഡന്റ് മംനൂന്‍ ഹുസയ്ന്‍ ഒപ്പുവച്ചാല്‍ നിയമമായി മാറും. ഈ നിയമം നിലവില്‍ വന്നാല്‍ പിഎംഎല്‍-എന്‍ നേതൃസ്ഥാനത്തേക്ക് ശരീഫിനു മടങ്ങിവരാം. നാളെ ചേരുന്ന പാര്‍ട്ടി യോഗത്തില്‍ നേതൃസ്ഥാനത്തേക്കുള്ള ശരീഫിന്റെ തിരിച്ചുവരവ് പ്രധാന ചര്‍ച്ചയാവുമെന്നാണു കരുതുന്നത്. പാര്‍ട്ടി ഭരണഘടനയിലും ശരീഫിന്റെ മടങ്ങിവരവിന് അനുകൂലമായ ഭേദഗതികളുണ്ടാവും.
Next Story

RELATED STORIES

Share it