malappuram local

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം'പിടിച്ചുപറി' തുടരുന്നു

മലപ്പുറം: അപേക്ഷാഫീസ് ഓണ്‍ലൈനായി അടച്ച ശേഷം പാസ്‌പോര്‍ട്ടിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായി സേവാകേന്ദ്രത്തിലെത്തിയാല്‍ അവിടെ കാത്തിരിക്കുന്നത് പിടിച്ചുപറി. പൗച്ചിന് 500രൂപയും പാസ്‌പോര്‍ട്ടിന്റെ സ്റ്റാറ്റസ് എസ്എംഎസ് വഴി അറിയാന്‍ 45 രൂപയുമാണ് പൗരന്റെ കീശയില്‍നിന്ന് 'പിടിച്ചുപറി'ക്കുന്നത്. 300 രൂപയുടെ പൗച്ചും 400 രൂപയുടെ പൗച്ചും പാസ്‌പോര്‍ട്ട് പ്രൊട്ടക്്ഷന്‍ കവര്‍ എന്ന പരിചയപ്പെടുത്തിയാണ് സേവാകേന്ദ്രത്തിനകത്ത് തകൃതിയായി കച്ചവടം നടത്തുന്നത്. ഇതിനെതിരേ വ്യാപക തോതില്‍ പരാതി ഉയര്‍ന്നിട്ടും ഈ പിടിച്ചുപറി അവസാനിപ്പിക്കാന്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. പാസ്‌പോര്‍ട്ടിന് ഓണ്‍ലൈനായി അപേക്ഷ നല്‍കിയ ശേഷം അപേക്ഷകര്‍ എത്തേണ്ടത് മലപ്പുറം മൂന്നാം പടിയിലെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലാണ്. അപേക്ഷ ഫീസ് നേരത്തെ തന്നെ ഓണ്‍ലൈനായി അപേക്ഷകര്‍ അടച്ചിരിക്കും. അപേക്ഷയുടെ വെരിഫിക്കേഷനും ഫോട്ടോ എടുക്കലിനുമാണ് പിന്നിട് സേവാകേന്ദ്രത്തിലെത്തുന്നത്. നടപടികള്‍ പൂര്‍ത്തിയായ ശേഷം പാസ്‌പോര്‍ട്ട് ഇട്ടുവയ്ക്കാന്‍ പൗച്ച് ഉണ്ടെന്നും അതിനായി പണം അടയ്ക്കണമെന്നും നിര്‍ബന്ധിക്കുന്നതായാണ് അപേക്ഷകരുടെ പരാതി. അപേക്ഷയുടെ സ്റ്റാറ്റസ് ഇടക്കിടെ അറിയാന്‍ എസ്എംഎസിന് 45 രൂപയും വാങ്ങും. ഇതിന്റെ പേരില്‍ പാസ്‌പോര്‍ട്ട് മുടങ്ങരുതെന്ന് കരുതി അപേക്ഷകര്‍ ഇതെല്ലാം നല്‍കുകയും ചെയ്യും. കഴിഞ്ഞ മാസം പാസ്‌പോര്‍ട്ട് അപേക്ഷയുടെ തുടര്‍ നടപടികള്‍ക്കായി പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെത്തിയ പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി സി രായിന്‍കുട്ടിയുടെ മകള്‍ റുബ്‌നയോടും ഒരു വയസ്സായ മകനും കൂടി പൗച്ചിനും എസ്എംഎസിനുമായി 1,090 രൂപ വാങ്ങിയതായി രായിന്‍കുട്ടി പറഞ്ഞു. അപേക്ഷയിലെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം സേവാകേന്ദ്രത്തിലെ ജീവനക്കാര്‍ പൗച്ച് വാങ്ങാന്‍ മകളെ നിര്‍ബന്ധിപ്പിക്കുകയായിരുന്നുവെന്ന് രായിന്‍കുട്ടി പറഞ്ഞു. അതേസമയം, നിര്‍ബന്ധിച്ചു ആരോടും പൗച്ച് വാങ്ങിപ്പിക്കുന്നില്ലെന്നും എസ്എംഎസിന് പണം അടയ്ക്കണമെന്ന് നിര്‍ബന്ധമില്ലെന്നും പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെ ജീവനക്കാര്‍ പറഞ്ഞു. അപേക്ഷകര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം പൗച്ചിനും എസ്എംഎസിനും പണം നല്‍കിയാല്‍ മതിയെന്നും ജീവനക്കാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it