malappuram local

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഇനി സ്മാര്‍ട്ടാവും

മലപ്പുറം: പാസ്‌പോര്‍ട്ടിനായുള്ള പോലിസ് വെരിഫിക്കേഷന്‍ ഇനി മുതല്‍ മൊബൈല്‍ ആപ്പ് വഴിയാവും. ഇതിനായി മലപ്പുറം ജില്ലയിലെ പോലിസ് ഉദേ്യാഗസ്ഥര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു. ഇതോടെ കേരളത്തിലെ സമ്പൂര്‍ണ പേപ്പര്‍ രഹിത പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തുന്ന ആദ്യ ജില്ലയായി മലപ്പുറം മാറി. പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിച്ചയുടന്‍ തന്നെ പോലിസ് സ്‌റ്റേഷനുകളില്‍ നിന്നു വെരിഫിക്കേഷനു മാത്രമായി പ്രത്യേകം തിരഞ്ഞെടുത്ത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫിസില്‍ നിന്നു മൊബൈല്‍ ആപ്പ് വഴി ഫയലുകള്‍ നല്‍കും. ഇത് ഫീല്‍ഡ് വെരിഫിക്കേഷന്‍ ഓഫിസര്‍മാര്‍ മൊബൈല്‍ ഉപയോഗിച്ച് വെരിഫിക്കേഷന്‍ നടത്തി ഉടന്‍ തന്നെ റിപോര്‍ട്ട് സമര്‍പ്പിക്കുകയുമാണ് ചെയ്യുക. തിരികെ ലഭിക്കുന്ന പോലിസ് വെരിഫിക്കേഷന്‍ റിപോര്‍ട്ട് അന്നുതന്നെ ജില്ലാ പോലിസ് മേധാവിയുടെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് സമര്‍പ്പിക്കും. ഇതോടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാവും. പ്രക്രിയ നാലു ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് പോലിസ് പറഞ്ഞു.  നേരത്തെ ഇത് 20 മുതല്‍ 30 ദിവസം വരെ സമയം എടുത്തിരുന്നു. വെരിഫിക്കേഷന്‍ ഫീസായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന ഫയല്‍ ഒന്നിന് 150 രൂപ മുഴുവന്‍ അപേക്ഷകള്‍ക്കും ലഭിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഈ ഇനത്തില്‍ ഭീമമായ തുക ലഭിക്കും. മുമ്പ് ഈ തുക ലഭിച്ചിരുന്നില്ല. മാത്രവുമല്ല, സേവനാവകാശ നിയമ പ്രകാരം പാസ് പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തുന്നതിന് അനുവദിച്ച സമയ പരിധിക്കുള്ളില്‍ 100 ശതമാനം അപേക്ഷകളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അപേക്ഷകള്‍ വെരിഫിക്കേഷന് വേണ്ടി അയച്ചയുടന്‍ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റ് എസ്എംഎസ് അയക്കുന്നതിനാല്‍ അപേക്ഷകര്‍ക്ക് വെരിഫിക്കേഷന് തയ്യാറെടുക്കുന്നതിന് സാവകാശം ലഭിക്കും. അപേക്ഷകര്‍ വെരിഫിക്കേഷന്‍ കഴിയുന്നതുവരെ സ്‌റ്റേഷന്‍ പരിധിയില്‍ ഉണ്ടാവണം. ഒറിജിനല്‍ രേഖകള്‍ തയ്യാറാക്കി വയ്ക്കണം.  പൊതു ജനങ്ങള്‍ക്ക് ംംം.ല്ശു.സലൃമഹമുീഹശരല.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ അപേക്ഷയുടെ ഫയല്‍ നമ്പര്‍ എന്റര്‍ ചെയ്ത് അപേക്ഷയുടെ തല്‍സ്ഥിതി അറിയാനും പരാതികള്‍ സമര്‍പ്പിക്കാനും കഴിയും. സ്മാര്‍ട്ട് ഫോണ്‍ വിതരണം ഭരണ വിഭാഗം ഡിവൈഎസ്പി വി പ്രഭാകരന്‍ വിതരണം ചെയ്തു. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം ഉല്ലാസ് കുമാര്‍ അധ്യക്ഷത വഹിച്ചു. പരിശീലനത്തിന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ എ രാജന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it