പാസ്‌പോര്‍ട്ട് രഹിത യാത്ര; ഇയു തുര്‍ക്കിക്ക് അനുമതി നല്‍കിയേക്കും

ബ്രസ്സല്‍സ്: യൂറോപ്പിലെ പാസ്‌പോര്‍ട്ട് നിര്‍ബന്ധമല്ലാത്ത ഷെങ്കന്‍ മേഖലകളില്‍ വിസയില്ലാതെ സഞ്ചരിക്കാന്‍ ഇയു തുര്‍ക്കിക്ക് അനുമതി നല്‍കിയേക്കും. ഇതു സംബന്ധിച്ച് യൂറോപ്യന്‍ യൂനിയന്‍ ഇന്നു തീരുമാനമറിയിക്കുമെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുറയ്ക്കുന്നതിനായി ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കയക്കാമെന്ന് മാര്‍ച്ചില്‍ ഒപ്പിട്ട കരാര്‍ പ്രകാരം ഇയു-തുര്‍ക്കി ധാരണയിലെത്തിയിരുന്നു. ഇതിനു പകരമായാണ് തുര്‍ക്കി യാത്രാനുമതിക്കുള്ള ആവശ്യമുന്നയിച്ചത്.
തുര്‍ക്കിയുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തുര്‍ക്കി വിസമ്മതിച്ചേക്കുമെന്നാണ് ഇയു ഭയപ്പെടുന്നത്. അതേസമയം, ഇയു മുന്നോട്ടുവച്ച 72 നിബന്ധനകള്‍ തുര്‍ക്കി അംഗീകരിക്കേണ്ടതുണ്ട്. 64 എണ്ണമേ തുര്‍ക്കി ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ളൂ. അതിനുശേഷം ഇയു അംഗരാജ്യങ്ങളും യൂറോപ്യന്‍ പാര്‍ലമെന്റും അനുമതി നല്‍കിയാല്‍ മാത്രമേ ഇത് നിലവില്‍ വരൂ. ബ്രിട്ടന്‍, അയര്‍ലന്‍ഡ്, സൈപ്രസ് എന്നീ രാജ്യങ്ങള്‍ ഷെങ്കന്‍ മേഖലയില്‍ ഉള്‍പ്പെടാത്തതിനാല്‍ ഈ രാജ്യങ്ങളില്‍ യാത്ര നടത്താന്‍ വിസ ആവശ്യമായി വരും. മൂന്നു മാസത്തെ വിസാ കാലാവധിയായിരിക്കും തുര്‍ക്കി പൗരന്മാര്‍ക്ക് ഇയു അനുവദിക്കുക.
Next Story

RELATED STORIES

Share it