പാസ്‌പോര്‍ട്ട്: നടപടി ലഘൂകരിച്ചു

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷാ നടപടികള്‍ ലഘൂകരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഏതു സ്ഥലത്തുനിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനും മൊബൈല്‍ ഫോണ്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഒപ്പം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ മൊബൈല്‍ ഫോണ്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള പാസ്‌പോര്‍ട്ട് സേവാ മൊബൈല്‍ ആപ്ലിക്കേഷനും വിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ഇന്നലെ നടന്ന പാസ്‌പോര്‍ട്ട് സേവാ ദിനാചരണച്ചടങ്ങിലായിരുന്നു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.
പാസ്‌പോര്‍ട്ടിന് അപേക്ഷ കഴിഞ്ഞ ഒരു വര്‍ഷമായി താമസിക്കുന്ന മേല്‍വിലാസത്തിന്റെ പരിധിയിലുള്ള ഓഫിസില്‍ മാത്രമേ നല്‍കാനാവൂ എന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ ഇനി ഇഷ്ടമുള്ള ഓഫിസില്‍ അപേക്ഷ നല്‍കാം.
അപേക്ഷയ്ക്കായി ആപ്പില്‍ നല്‍കുന്ന മേല്‍വിലാസം അടിസ്ഥാനമാക്കിയാവും പോലിസ് വെരിഫിക്കേഷന്‍ അടക്കമുള്ള നടപടികള്‍ മുന്നോട്ടുപോവുക. പാസ്‌പോര്‍ട്ട് വിപ്ലവമാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷനെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ രാജ്യത്തെ മികച്ച പാസ്‌പോര്‍ട്ട് ഓഫിസിനുള്ള പുരസ്‌കാരം തിരുവനന്തപുരം റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസ് സ്വന്തമാക്കി. നിലവില്‍ 260 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ പുതിയ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി അറിയിച്ചു.
പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു.
Next Story

RELATED STORIES

Share it