പാസ്‌പോര്‍ട്ടില്‍ ജനനത്തിയ്യതി തിരുത്തല്‍; അഞ്ച് വര്‍ഷം മുമ്പുള്ള അപേക്ഷകള്‍ പരിഗണിക്കില്ല

കൊച്ചി: അഞ്ച് വര്‍ഷം മുമ്പ് വിതരണം ചെയ്ത പാസ്‌പോര്‍ട്ടിലെ ജനനത്തിയ്യതി തിരുത്താനുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്. കഴിഞ്ഞ നവംബര്‍ 26ന് വിദേശകാര്യ മന്ത്രാലയം ജോ. സെക്രട്ടറിയുടെ പേരില്‍ പുറപ്പെടുവിച്ച ഓഫിസ് മെമ്മോറാണ്ടത്തിലാണ് നിര്‍ദേശം.
കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് വിതരണ അതോറിറ്റികള്‍ക്കും നിര്‍ദേശം നല്‍കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കി. പാസ്‌പോര്‍ട്ട് തിരുത്തല്‍ അപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ് കോടതിയില്‍ സമര്‍പ്പിച്ചത്. പാസ്‌പോര്‍ട്ടില്‍ തെറ്റ് സംഭവിച്ചതിന് വ്യക്തമായ വിശദീകരണമില്ലാതെയും തിരുത്തുന്നതിന് കാരണം കാട്ടാതെയും പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാസ്‌പോര്‍ട്ടുകള്‍ തിരുത്താനുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിനെതിരെ ഹൈക്കോടതി 2015 ജൂലൈയില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ന്യായമായ കാരണങ്ങളില്ലാതെ അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള പാസ്‌പോര്‍ട്ടുകളിലെ തിരുത്തലുകള്‍ക്കുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ക്ലെറിക്കല്‍ -സാങ്കേതിക പിഴവുകള്‍ മൂലം തെറ്റ് സംഭവിച്ച പാസ്‌പോര്‍ട്ടുകളിലെ ജനനത്തിയ്യതി തിരുത്തി നല്‍കുന്നതിന് ഈ ഉത്തരവ് ബാധകമല്ല. ജനനത്തിയ്യതി വ്യക്തമാക്കുന്ന ജനന മരണ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ തിയ്യതി തിരുത്തി നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it