പാസ്വാനെയും മാഞ്ചിയെയും പിന്നാക്കക്കാര്‍ തഴഞ്ഞു

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16 ശതമാനത്തോളം വരുന്ന പട്ടികജാതിക്കാരുടെ വോട്ടുകള്‍ പ്രതീക്ഷിച്ച തോതില്‍ നേടാന്‍ രാംവിലാസ് പാസ്വാന്റെ എന്‍ജെപിക്കും ജിതന്റാം മാഞ്ചിയുടെ എച്ച്എഎമ്മിനും കഴിഞ്ഞില്ല. പാസ്വാന്റെയും മാഞ്ചിയുടെയും സാന്നിധ്യം അവരുള്‍പ്പെട്ട എന്‍ഡിഎക്ക് വലിയ നേട്ടമൊന്നുമുണ്ടാക്കിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. പട്ടികജാതിക്കാര്‍ പാസ്വാനെയും മാഞ്ചിയെയും തഴഞ്ഞു എന്നുപറഞ്ഞാലും തെറ്റില്ല. ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് എന്നീ കക്ഷികളുള്‍പ്പെട്ട മഹാസഖ്യമാണ് ദലിത് മേഖലകളില്‍ ഏറെയും വിജയിച്ചത്. പാസ്വാന്‍ സമുദായ മേഖലകളില്‍ 9 സീറ്റുകള്‍ മഹാസഖ്യം നേടിയപ്പോള്‍ എന്‍ഡിഎക്ക് 2 സീറ്റുകള്‍ മാത്രമാണു ലഭിച്ചത്. അതില്‍ ഒന്ന് ബിജെപിക്കും മറ്റൊന്ന് രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി)ക്കുമാണു കിട്ടിയത്.
രാംവിലാസ് പാസ്വാന്റെ എല്‍ജെപിക്ക് ഒരു സീറ്റും നേടാനായില്ല. മഹാദലിത് മേഖലയില്‍ മഹാസഖ്യം 15 സീറ്റുകളില്‍ ജയിച്ചു. എന്നാല്‍, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (എച്ച്എഎം) നേതാവ് ജിതന്‍ റാം മാഞ്ചി മാത്രമാണിവിടെ ജയിച്ചത്. മൂന്നു സീറ്റുകള്‍ ബിജെപിക്കും കിട്ടി. ആര്‍ജെഡിയുടെ 10 മഹാദലിത് സ്ഥാനാര്‍ഥികളില്‍ ഒമ്പതുപേരും തിരഞ്ഞെടുക്കപ്പെട്ടു. ജെഡിയുവിന്റെ ആറുപേരില്‍ അഞ്ചും വിജയിച്ചു. കോണ്‍ഗ്രസ് മല്‍സരിച്ച മൂന്നു സീറ്റുകളില്‍ ഒന്നു നേടി.
എന്‍ഡിഎയില്‍ ബിജെപിയുടെ 11 മഹാദലിത് സ്ഥാനാര്‍ഥികളില്‍ മൂന്നും മാഞ്ചിയുടെ കക്ഷി മല്‍സരിച്ച നാലില്‍ ഒരു സീറ്റുമാണു ലഭിച്ചത്. എല്‍ജെപിയുടെ മൂന്നും ആര്‍എല്‍എസ്പിയുടെ ഒന്നും സ്ഥാനാര്‍ഥികളില്‍ ആരും ജയിച്ചില്ല.
ബിഹാറില്‍ ആകെയുള്ള 243 മണ്ഡലങ്ങളില്‍ 38 എണ്ണം പട്ടികജാതിക്കാര്‍ക്കും രണ്ടെണ്ണം പട്ടിക വര്‍ഗത്തിനും സംവരണം ചെയ്തിരുന്നു. രാംവിലാസ് പാസ്വാന്റെ കക്ഷി മല്‍സരിച്ച 41 മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അവര്‍ക്കു വിജയിക്കാനായത്. അവരാവട്ടെ അതിപിന്നാക്ക ജാതിയില്‍ (ഇബിസി)പ്പെട്ടവരുമാണ്. കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍എല്‍എസ്പിയില്‍ നിന്നു വിജയിച്ച രണ്ടുപേരില്‍ ഒരാള്‍ കുശ്‌വാഹ സമുദായക്കാരനാണ്. മറ്റൊരാള്‍ പാസ്വാന്‍ വിഭാഗക്കാരില്‍ പെട്ടവനും. വോട്ട് ചോര്‍ച്ചയെപ്പറ്റി ചോദിച്ചപ്പോള്‍ മാഞ്ചി സമുദായ വോട്ടുകള്‍ മുഴുവനും എന്‍ഡിഎക്കാണു ലഭിച്ചതെന്ന് ജിതന്‍ റാം മാഞ്ചി അവകാശപ്പെട്ടു. എന്നാല്‍, അദ്ദേഹത്തിന്റെ സിറ്റിങ് സീറ്റായ മഖ്ദുംപൂരും മകന്‍ മല്‍സരിച്ച ഔറംഗാബാദിലെ കുത്തുംബയും നഷ്ടപ്പെട്ടത് ഈ അവകാശവാദത്തെ ചോദ്യം ചെയ്യുന്നു. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജെഡിയുവിന്റെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷവും കുര്‍മി സമുദായത്തില്‍പ്പെട്ടവരാണെന്ന് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it