പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ ആലഞ്ചേരിക്ക് വിമര്‍ശനം

കൊച്ചി: സിറോ മലബാര്‍ സഭ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വിമര്‍ശനം. ഇന്നലെ എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിലാണ് വിവാദമായ ഭൂമിയിടപാട് കേസില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരേ വീണ്ടും സഭാതലത്തില്‍ നിന്ന് വിമര്‍ശനമുയര്‍ന്നത്.
ഭൂമിയിടപാട് കേസ് പുറത്തുവന്നതിനു ശേഷം ആദ്യം ചേരുന്ന പാസ്റ്ററല്‍ കൗണ്‍സിലായതിനാല്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഫാ. പോള്‍ തേലക്കാട്ട് പ്രമേയം അവതരിപ്പിച്ചു. പുരോഹിത സമിതിയുടെ അന്വേഷണ റിപോര്‍ട്ട് കണ്‍വീനര്‍ ഫാ. ബെന്നി മാരാംപറമ്പില്‍ കൗണ്‍സിലിനെ ബോധിപ്പിച്ചു. എന്നാ ല്‍, നിലവില്‍ പാസ്റ്ററല്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് മാത്രം നടത്തിയാല്‍ മതിയെന്നും കൂടുതല്‍ ചര്‍ച്ചകള്‍ ഈസ്റ്ററിന് ശേഷം ചേരുന്ന യോഗത്തില്‍ നടത്താമെന്നുമുള്ള തീരുമാനത്തില്‍ കൗണ്‍സില്‍ പിരിയുകയായിരുന്നു. ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജാഗ്രത കാണിച്ചില്ലെന്നതടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങളാണ് ഫാ. പോള്‍ തേലക്കാട്ട് അവതരിപ്പിച്ച പ്രമേയത്തിലുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ വിവാദവിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്ന നിലപാടാണ് ചിലര്‍ സ്വീകരിച്ചത്.
എന്നാല്‍, പ്രമേയത്തി ല്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് ഇനി ചേരുന്ന പ്രത്യേക കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന ധാരണയിലെത്തുകയായിരുന്നു.  ഈസ്റ്ററിന് ശേഷം ഏപ്രില്‍ അവസാനത്തോടെയാവും അടുത്ത കൗണ്‍സില്‍ ചേരുക. കര്‍ദിനാളിനെതിരേ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്ത് വിവാദമാക്കേണ്ടെന്ന നിലപാടാണ് കര്‍ദിനാളിനെ അനുകൂലിക്കുന്നവര്‍ സ്വീകരിച്ചത്.
പുരോഹിത സമിതി നേതാക്കളും 16 ഫൊറോനകളില്‍ നിന്നുള്ള പ്രതിനിധികളും അടക്കം 190 പേരാണ് പുരോഹിത കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത്. പാസ്റ്ററല്‍ കൗണ്‍സിലിലെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ വിമതപക്ഷം വിജയം നേടിയതും മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടിയായി.
പി പി ജെറാര്‍ദിനെയാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മിനി പോളാണ് ജോയിന്റ് സെക്രട്ടറി. എന്നാല്‍, തിരഞ്ഞെടുപ്പ് വിജയത്തില്‍ ഭൂമിയിടപാട് വിവാദം ഉള്‍പ്പെട്ടില്ലെന്ന് പുതിയ ഭാരവാഹികള്‍ വ്യക്തമാക്കി.  എറണാകുളം അങ്കമാലി അതിരൂപതയുടെ സാമ്പത്തിക സ്ഥിതിവിവര കണക്ക് പ്രൊക്യുറേറ്റര്‍ സെബാസ്റ്റ്യന്‍ മാണിക്കത്താനം അവതരിപ്പിച്ചു. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തത്.
Next Story

RELATED STORIES

Share it