kannur local

പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ് വിപണിയിലെത്തിച്ച് പ്ലാന്റേഷന്‍ കോര്‍പറേഷന്‍

തളിപ്പറമ്പ്: മധുരമൂറുന്ന പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ് വിപണിയിലെത്തിച്ച് പ്ലാന്റേഷന്‍ കോര്‍പറേഷന്‍. കോര്‍പറേഷന്റെ നാടുകാണി ഫാമില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത പാഷന്‍ഫ്രൂട്ടില്‍ നിന്നാണ് സ്‌ക്വാഷ് ഉല്‍പാദിപ്പിച്ചത്. കോര്‍പറേഷന്റെ വൈവിധ്യവല്‍കരണ പരിപാടികളുടെ ഭാഗമായാണ് നാടുകാണിയില്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നത്.
നക്കയം അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കൊണ്ടുവന്ന തൈകള്‍ നാടുകാണിയിലും കാസര്‍കോട് ജില്ലയിലെ ചീമേനിയിലുമായാണ് കൃഷി ചെയ്യുന്നത്. വള്ളി നട്ടാല്‍ സുഗമമായി വളര്‍ത്താവുന്ന ഫലസസ്യമാണ് പാഷന്‍ ഫ്രൂട്ട്. നന്നായി ജലസേചനം നടത്തിയാല്‍ ഏതു കാലാവസ്ഥയിലും വളരും. വെയിലേല്‍ക്കുന്ന വിധം പടര്‍ത്തി വിടുകയാണെങ്കില്‍ പ്രത്യേക പരിചരണങ്ങളൊന്നും ആവശ്യമില്ല. വര്‍ഷത്തില്‍ രണ്ടു മൂന്നു തവണ വിളവെടുപ്പ് നടത്താം. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് കൂടുതല്‍ ഫലങ്ങള്‍ ഉണ്ടാവുന്നത്. പാകമാകാന്‍ 70-80 ദിവസങ്ങളെടുക്കും.
ഉറക്കമില്ലായ്മ, മനസ്സംഘര്‍ഷം എന്നിവയ്ക്ക് നല്ല ഔഷധമാണ് പാഷന്‍ ഫ്രൂട്ട്. 500മില്ലിയുടെ ഒരു ബോട്ടില്‍ സ്‌ക്വാഷിന് 100 രൂപയാണ് വില. കോര്‍പറേഷനില്‍ നേരിട്ടുവന്നു തന്നെ സ്‌ക്വാഷ് വാങ്ങുന്നവരുണ്ട്. പാഷന്‍ഫ്രൂട്ടിനു പുറമെ കറുവപ്പട്ട തൈലവും ഇവിടെ ഉല്‍പാദിപ്പിക്കുന്നു. ഇരുപതു തൊഴിലാളികളാണുള്ളത്. പാഷന്‍ ഫ്രൂട്ടിന്റെ തന്നെ അച്ചാര്‍, ജെല്ലി തുടങ്ങിയ പുതുമയാര്‍ന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പ്ലാന്റേഷന്‍.——
Next Story

RELATED STORIES

Share it