Second edit

പാവങ്ങളിലെ പാവങ്ങള്‍

പ്രഫസര്‍ ജാന്‍ ബ്രിമാന്‍ ഒരു ഡച്ച് സാമൂഹിക ശാസ്ത്രജ്ഞനാണ്. ആംസ്റ്റര്‍ഡാം യൂനിവേഴ്‌സിറ്റിയിലെ എമേറിറ്റസ് പ്രഫസര്‍. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളെക്കുറിച്ച് പഠിച്ചയാള്‍. അടുത്തകാലത്ത് വെളിച്ചംകണ്ട അദ്ദേഹത്തിന്റെ പുസ്തകം - ഓണ്‍ പോപ്പറിസം ഇന്‍ പ്രസന്റ് ആന്റ് പാസ്റ്റ്- ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ വര്‍ത്തമാനകാലത്തെയും ചരിത്രത്തെയും സാമൂഹികശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്നു.
ദാരിദ്ര്യരേഖ എന്നത് ആസൂത്രണ കമ്മീഷന്റെ ഒരു തമാശ മാത്രമാണെന്ന് അദ്ദേഹം പറയുന്നു. ദാരിദ്ര്യത്തെ തന്നെ അദ്ദേഹം പുനര്‍നിര്‍വചിക്കുകയാണ്. ഈ രാജ്യത്തെ ദരിദ്രരില്‍ നാലിലൊരു ഭാഗവും അന്നന്നത്തെ അപ്പത്തിനുപോലും വകകാണാത്ത പട്ടിണിപ്പാവങ്ങളാണ്. ഇവരെ പാപ്പരെന്ന് വിളിക്കാനാണ് ബ്രിമാന്‍ ഇഷ്ടപ്പെടുന്നത്. ഇക്കൂട്ടരെക്കുറിച്ച് പറഞ്ഞിട്ടുള്ള ഏക ഇന്ത്യക്കാരന്‍ മഹാത്മാഗാന്ധിയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പരമ്പരാഗത സാമ്പത്തികശാസ്ത്രത്തിന്റെ രീതിയിലല്ല, സാമൂഹികമോ രാഷ്ട്രീയമോ ആയ മാനങ്ങളിലൂടെയാണ് ഇവിടത്തെ രാഷ്ട്രീയത്തെ അദ്ദേഹം നോക്കിക്കാണുന്നത്. വൃദ്ധര്‍, കുട്ടികള്‍, വികലാംഗര്‍, മാരകരോഗം ബാധിച്ചവര്‍, വിധവകള്‍, വിവാഹമുക്തകള്‍, കൊച്ചുകുട്ടികള്‍ തുടങ്ങി നിത്യജീവിതത്തിനു പരസഹായം ആവശ്യമുള്ളവര്‍. ഭൂമിയോ വീടോ ഇല്ലാത്തവര്‍, അധ്വാനിക്കാന്‍പോലും കഴിയാത്തവര്‍. മിച്ചംവയ്ക്കാത്തതുകൊണ്ടാണ് അവര്‍ ദരിദ്രരായി തുടരുന്നതെന്ന് ലോകബാങ്ക്‌പോലും കുറ്റപ്പെടുത്തുകയാണു ചെയ്യുന്നത്. ഇന്ത്യയുടെ സാമ്പത്തികനയങ്ങള്‍ തന്നെ ലോകബാങ്കും ഐഎംഎഫും തീരുമാനിക്കുന്നതാവുമ്പോള്‍ എങ്ങനെയാണീ പാവങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷാജനകമായ മാറ്റം വരുക? പ്രഫ. ബ്രിമാന്റെ ചോദ്യം നമ്മളോടെല്ലാമാണ്.
Next Story

RELATED STORIES

Share it