Second edit

പാവം പയ്യന്‍മാര്‍

ഈയിടെ ടൊറന്റോയിലെ ഒരു ഫുട്പാത്തിലേക്കു വാന്‍ ഓടിച്ചുകയറ്റി 10 പേരെ കൊന്ന ആര്‍മീനിയന്‍ വംശജന്റെ കുടുംബപശ്ചാത്തലം സംബന്ധിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അയാള്‍ തന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ 'ഇന്‍സെല്‍ കലാപം തുടങ്ങി'യെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'ബ്രഹ്മചാരിയാവാന്‍ നിര്‍ബന്ധിതരായവര്‍' എന്നു സൂചിപ്പിക്കുന്ന പദമാണത്. 2014ല്‍ കാലഫോര്‍ണിയയില്‍ ആറു പേരെ കുത്തിക്കൊന്ന ഒരുവനാണ് അവരുടെ വീരപുരുഷന്‍. 22 വയസ്സായിട്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിക്കാന്‍ പറ്റാത്തതിന്റെ ക്ഷോഭം അലക് മിനാസ്സിയന്റെ 100 പേജിലധികം വരുന്ന സ്ത്രീവിരുദ്ധമായ മാനിഫെസ്റ്റോയിലുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീവിരോധം പ്രകടിപ്പിക്കുന്നവരുടെ എണ്ണം പാശ്ചാത്യലോകത്ത് വര്‍ധിച്ചുവരുന്നുവെന്നും അവര്‍ ചിലപ്പോള്‍ വലിയ അക്രമങ്ങള്‍ക്കു മുതിരുമെന്നും സാമൂഹിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ ജയിലുകളില്‍ ഇത്തരക്കാര്‍ കൂടുതലുണ്ട്. കുറ്റം ചെയ്യുന്നതിനു മുമ്പ് മിക്കവരും 'നല്ല പയ്യന്‍മാരാ'യിരിക്കും. സാഹചര്യം തങ്ങള്‍ക്കെതിരേ ഗൂഢാലോചന നടത്തുകയാണ് എന്നാണ് അവരില്‍ പലരും കരുതുന്നത്.
ഇത്തരം കുറ്റവാളികളെ സൃഷ്ടിക്കുന്നതില്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാവുന്ന സെക്‌സ് വീഡിയോകള്‍ വലിയ പങ്കുവഹിക്കുന്നുവത്രേ! ലൈംഗിക അതിക്രമങ്ങള്‍ ഏറ്റവും ക്രൂരമായി അവതരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ശിഥിലമായ കുടുംബങ്ങളിലെ ഏകാകികളെ കടുംകൈകള്‍ക്കു പ്രേരിപ്പിക്കുന്നു. അങ്ങനെയാണ് പാവം പയ്യന്‍മാര്‍ കൂട്ടക്കൊലയ്ക്കിറങ്ങുന്നത്.
Next Story

RELATED STORIES

Share it