Ernakulam

പാളിയ പദ്ധതികള്‍ വീണ്ടും; നഗരസഭ നടപടി വിവാദത്തിലേക്ക്

ആലുവ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, നഗരസഭയില്‍ നേരത്തേ നടപ്പിലാക്കി പാളിയ പദ്ധതികള്‍ വീണ്ടും നടപ്പിലാക്കുന്ന നഗരസഭ നീക്കം വിവാദമാകുന്നു. ആലുവ നഗരസഭയിലാണ് വര്‍ഷങ്ങള്‍ക്കു മുന്‍പേ നടപ്പിലാക്കി, പൂര്‍ണമായും പാളിയ ഇ-ടോയ്‌ലെറ്റ് പദ്ധതി നഗരത്തില്‍ വീണ്ടും നടപ്പിലാക്കുന്നത്. ആലുവ നഗരസഭ ബാങ്ക് കവലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പായി നടപ്പിലാക്കിയ ഇ-ടോയ്‌ലെറ്റ് പദ്ധതിയാണ്, ഇന്നലെ ആലുവ സ്വകാര്യ ബസ്സ്റ്റാന്റില്‍ വീണ്ടും നഗരസഭ നടപ്പിലാക്കിയത്.

നഗരവികസനത്തിന്റെ മറവിലാണ് ആലുവ സ്വകാര്യ ബസ്സ്റ്റാന്റില്‍ കഴിഞ്ഞദിവസം ഇ-ടോയ്‌ലെറ്റുകള്‍ സ്ഥാപിച്ചത്. എം.എല്‍.എ. ഉദ്ഘാടനം ചെയ്ത ടോയ്‌ലെറ്റുകള്‍ യാതൊന്നും പ്രവര്‍ത്തന സജ്ജമാക്കുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ടോയ്‌ലെറ്റുകള്‍ക്ക് വേണ്ട വെള്ളത്തിനായുള്ള പൈപ്പ് കണക്ഷന്‍ ഇന്നലേയും സ്ഥാപിച്ചിട്ടില്ല. കൂടാതെ ഇ-ടോയ്‌ലെറ്റിന് വേണ്ട ടാങ്കുകളുടെ നിര്‍മാണം പോലും പൂര്‍ത്തീകരിച്ചിട്ടില്ല. ഇ-ടോയ്‌ലെറ്റിന് സമീപത്തായി നിര്‍മാണം പകുതിപോലും പൂര്‍ത്തീകരിക്കാത്ത ടാങ്കുകള്‍ തുറന്നിട്ട നിലയിലാണുള്ളത്. കൂടാതെ നഗരസഭയുടെ തന്നെ പേയ്‌മെന്റ് ടോയ്‌ലെറ്റുകള്‍, ഇന്നലെ സ്ഥാപിച്ച ഇ-ടോയ്‌ലെറ്റുകള്‍ക്ക് തൊട്ടു സമീപത്ത് തന്നെ ഇപ്പോഴും പ്രവര്‍ത്തിക്കുമ്പോഴാണ് വന്‍തുക ചിലവാക്കിയുള്ള ഇ-ടോയ്‌ലെറ്റുകള്‍ ഇവിടെ സ്ഥാപിച്ചത്. 2012-13 വര്‍ഷത്തിലാണ് നഗരത്തില്‍ ഇ-ടോയ്‌ലെറ്റ് പദ്ധതി നടപ്പിലാക്കിയതെങ്കിലും, ഈ പദ്ധതി അമ്പേ പരാജയപ്പെടുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ നഗരസഭയിലെ ബാങ്ക് കവലയില്‍ സ്ഥാപിച്ച ഇ-ടോയ്‌ലെറ്റ് വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. നാല്് ലക്ഷം രൂപയോളം ചിലവാക്കി നിര്‍മിച്ച ടോയ്‌ലെറ്റിന് രണ്ടു വര്‍ഷത്തെ വരുമാനം വെറും 65 രൂപ മാത്രമാണിപ്പോഴും. ലക്ഷങ്ങള്‍ ചിലവിട്ട് പാളിയ പദ്ധതികള്‍  തിരഞ്ഞെടുപ്പ് അടുത്തതോടെ  നടപ്പിലാക്കുന്ന നഗരസഭയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആലുവ നിവാസികളുടെ മുന്നില്‍ എന്തെങ്കിലും ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കുന്നതിനു വേണ്ടിയാണ് ഇ-ടോയ്‌ലറ്റ് എന്ന പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചത്.

ടോയ്‌ലറ്റ് പ്രാവര്‍ത്തികമാകുവാന്‍ ഇനിയും ഏറെ പണികള്‍ ബാക്കി നല്‍ക്കേ ഉദ്ഘാടന മാമാങ്കം നടത്തിയതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഒരു വര്‍ഷം മുമ്പ് തറക്കല്ലിട്ട പൊതുമാര്‍ക്കറ്റിന്റെ നിര്‍മാണം പോലും ആരംഭിക്കാത്തതില്‍ വ്യാപകമായി പ്രതിഷേധം നിലനില്‍ക്കുമ്പോള്‍ വീണ്ടും തട്ടിപ്പു പദ്ധതികളുമായി നഗരസഭ ഇറങ്ങിയനടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതീകാത്മകമായി മൂത്രവിസര്‍ജ്ജനം നടത്തി. എല്‍.ഡി.എഫ്. നേതാക്കളായ പി എം സഹീര്‍, ഡോ: ജോയ് ജോബ് കുളവേലി, കെ ജെ ഡൊമനിക്ക്, പി എം ഫിറോസ്, കെ ഐ കുഞ്ഞുമോന്‍, പി എഎം ത്വല്‍ഹത്ത്, സി വി ജെയിംസ്, എം കെ മോഹനന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it