Kollam Local

പാളം നിര്‍മാണത്തില്‍ പിഴവുകള്‍ ; ഇടമണ്ണിലേക്കുള്ള ട്രെയിന്‍ സര്‍വീസ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തി



തെന്മല: ഇടമണ്‍ റെയില്‍വേ സ്‌റ്റേഷനിലെ പാളം സ്ഥാപിച്ചതടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. ഒരാഴ്ചക്കിടെ രണ്ടാം തവണയും അപകടങ്ങള്‍ വഴി മാറിയത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം ഇവിടെ പാളങ്ങള്‍  താഴ്ന്നതോടെ പുനലൂര്‍-ഇടമണ്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് സര്‍വീസ് നിര്‍ത്തുന്നത്.ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ്  ഷണ്ടിങ് നടത്തുന്ന ഭാഗത്തെ  പാളങ്ങള്‍ അര അടിയോളം താഴ്ന്നതായി റെയില്‍വേ മെയിന്റനന്‍സ് ജീവനക്കാരന്‍ കാണുന്നത്. ഉടന്‍ സ്‌റ്റേഷനില്‍ അറിയിച്ച് കൊല്ലത്ത് നിന്നും 10 ന് ഇടമണിലേക്ക് വരുന്ന ട്രയിന്‍ സര്‍വീസ് പുനലൂരില്‍ യാത്ര അവസാനിപ്പിച്ചതോടെയാണ് അപകടം ഒഴിവായത്. ഇതോടെ താല്‍ക്കാലികമായി  ഈ റൂട്ടില്‍ ഗതാഗതം  നിര്‍ത്തിവച്ചു. താഴ്ന്ന പാളങ്ങള്‍ ഉയര്‍ത്തി അറ്റകുറ്റ പണികള്‍ തീര്‍ത്ത് അടുത്ത ദിവസം മുതല്‍ സര്‍വീസ് പുനരാരംഭിക്കുവാന്‍ കഴിയുമെന്ന്  അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ തകരാറുകള്‍ കണ്ടതിനെ തുടര്‍ന്ന് ഗതാഗതം അനിശ്ചിതകാലത്തേക്ക്  നിരോധിച്ചു. ഒരാഴ്ച മുമ്പ് ഇവിടെ ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റിയിരുന്നു. പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസിന്റെ എന്‍ജിനാണ് കഴിഞ്ഞ 20ന് പാളം തെറ്റിയത്. ഇടമണ്‍ സ്‌റ്റേഷനിലെത്തിയ ശേഷം മടങ്ങുന്നതിനായി എന്‍ജിന്‍   ഷണ്ടിങ് നടത്തുമ്പോഴായിരുന്നു പാളം തെറ്റിയത്. എന്‍ജിന്റെ പിന്‍വശത്തെ വീലുകള്‍ പാളത്തില്‍ നിന്നും തെന്നി മാറുകയായിരുന്നു. നിര്‍മാണത്തിലെ തകരാറാണ് എന്‍ജിന്‍ പാളം തെറ്റിയതിന് കാരണമെന്നും ആക്ഷേപമുണ്ട്. ഇടമണ്‍ സ്‌റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച്  ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it