palakkad local

പാല്‍വില അക്കൗണ്ടിലൂടെ: ചെറുകിട കര്‍ഷകര്‍ക്ക് ദുരിതം

ആലത്തൂര്‍: പ്രാഥമിക ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് പാല്‍വില അക്കൗണ്ടിലൂടെ നല്‍കി തുടങ്ങിയത് ചെറുകിട കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. ഏപ്രില്‍ മുതല്‍ എല്ലാ ക്ഷീരസംഘങ്ങളും പാല്‍ വില  നല്‍കുന്നത് അക്കൗണ്ട് വഴി നിര്‍ബന്ധമാക്കിയിരുന്നു.
പ്രതിദിനം പത്ത് ലിറ്ററില്‍ താഴെ പാലളക്കുന്ന ചെറുകിട കര്‍ഷകരാണ് നാമമാത്ര തുക വാങ്ങുന്നതിനായി ബാങ്കില്‍ കയറിയിറങ്ങേണ്ടിവരുന്നത്. ക്ഷീരസംഘങ്ങളില്‍ നിന്ന് പത്തുദിവസത്തിലൊരിക്കലാണ് പാല്‍ വില കര്‍ഷകര്‍ക്ക് നല്‍കുന്നത്. പാല്‍ വില നല്‍കുമ്പോള്‍ കാലിത്തീറ്റ കടമായി നല്‍കിയതിന്റെ വിലയും, സംഘത്തില്‍ നിന്ന് വിതരണം ചെയ്യുന്ന മറ്റിതര സാധാനങ്ങളുടെ വിലയും കുറവു ചെയ്തുള്ള തുകയാണ് നല്‍കുക. ഇത്തരത്തില്‍ കാലിത്തീറ്റ വിലയും, മറ്റും കുറവു ചെയ്താല്‍ ആയിരം രൂപയില്‍ താഴെ മാത്രമാണ് കര്‍ഷകന് ലഭിക്കുകയുള്ളൂ. ഈ തുകയാണ് ഇപ്പോള്‍ ക്ഷീരസംഘങ്ങള്‍ കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നത്. ദേശസാല്‍കൃത ബാങ്കുകളിലൂടെ മാത്രമേ പാല്‍ വില വിതരണം ചെയ്യാന്‍ പാടൂള്ളൂവെന്ന് ക്ഷീരവികസന വകുപ്പിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ ഗ്രാമീണ മേഖലയില്‍ ശാഖകള്‍ കുറവായതിനാല്‍ പണം പിന്‍വലിക്കാന്‍ കിലോമീറ്ററുകള്‍ യാത്രചെയ്യേണ്ടി വരുന്നു.
ചേരാമംഗലം ക്ഷീരസംഘത്തിന്റെ സേവന മേഖലയില്‍ വരുന്ന ബാങ്ക് ചിറ്റില്ലഞ്ചേരിയിലാണുള്ളത്. ചിറ്റില്ലഞ്ചേരിയിലെത്തണമെങ്കില്‍ ചേരാമംഗലത്തു നിന്ന് നെന്മാറയിലും അവിടുന്ന് ചിറ്റില്ലഞ്ചേരിയിലേക്കുമായി രണ്ടു ബസ് കയറിയിറങ്ങി 13 കിലോ മീറ്റര്‍ യാത്ര ചെയ്യണം. നോട്ടു നിരോധനത്തെ തുടര്‍ന്ന് ബാങ്കില്‍ പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധിയുണ്ടായപ്പോള്‍ ചില സംഘങ്ങള്‍ കര്‍ഷകര്‍ക്ക് പാല്‍വില ബാങ്ക് അക്കൗണ്ടിലൂടെ നല്‍കിയിരുന്നു. പിന്നീട് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ വീണ്ടും പാല്‍ വില കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കി തുടങ്ങിയത്. അതേ സമയം, ഗ്രാമീണ പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകരുടെ ദുരിതം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും 1000 രൂപവരെയുള്ള ചെറിയ തുകകള്‍ നേരിട്ട് നല്‍കാന്‍ ഇളവ് നല്‍കിയിട്ടുണ്ടെന്ന് ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ് പറഞ്ഞു.
Next Story

RELATED STORIES

Share it