പാല്‍മിറ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു

ദമസ്‌കസ്: ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ പൗരാണിക സിറിയന്‍ നഗരമായ പാല്‍മിറ ഐഎസില്‍നിന്നു തിരിച്ചുപിടിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയയുടെ ഔദ്യോഗിക ടെലിവിഷന്‍ അറിയിച്ചു. റഷ്യയുടെ കര, വ്യോമ സൈനിക പിന്തുണയോടെ നടന്ന കനത്ത ആക്രമണത്തിനൊടുവിലാണ് പാല്‍മിറയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തത്. വടക്കുപടിഞ്ഞാറന്‍ പാല്‍മിറയില്‍ സൈന്യവും ഐഎസ് പോരാളികളും തമ്മില്‍ കഴിഞ്ഞദിവസം രാത്രിവരെ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. പാല്‍മിറയിലേക്കുള്ള പ്രവേശന കവാടമെന്ന് അറിയപ്പെടുന്ന ചെറുപട്ടണമായ അല്‍ അമിറിയ വീണതോടെയാണ് ഐഎസ് പിന്‍മാറിയത്. റഷ്യന്‍ വ്യോമസേന 150ലേറെ തവണ ആക്രമണം നടത്തിയ ശേഷമാണ് സിറിയന്‍ സേന കരയുദ്ധം തുടങ്ങിയത്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സമിതി ഇക്കാര്യം സ്ഥിരീകരിച്ചു.'മരുഭൂമിയിലെ വധു' എന്ന വിശേഷണമുള്ള പാല്‍മിറ 2011 വരെ രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായിരുന്നു. ആഭ്യന്തര സംഘര്‍ഷം തുടങ്ങിയതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ വരവ് നിലച്ചു. ലോക പൈതൃക കേന്ദ്രമായ പാല്‍മിറയുടെ നിയന്ത്രണം കഴിഞ്ഞ മെയിലാണ് അസദ് ഭരണകൂടത്തിന് പൂര്‍ണമായി നഷ്ടപ്പെട്ടത്. ഇവിടെയുള്ള പുരാതന മന്ദിരങ്ങളില്‍ പലതും ഐഎസ് തകര്‍ത്തു.  ഏറ്റുമുട്ടലിന്റെയും പ്രദേശം തിരിച്ചുപിടിച്ചതിന്റെയും വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സിറിയന്‍ സൈന്യം പുറത്തുവിട്ടു. ഏറ്റുമുട്ടല്‍ ശക്തമായി തുടരുകയാണെന്നും 100ലേറെ ഐഎസുകാരെ വധിക്കാന്‍ സാധിച്ചതായും റഷ്യന്‍ സേന ഇന്നലെ അറിയിച്ചിരുന്നു.യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച പാല്‍മിറയിലെ പൈതൃക കേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഐഎസ് ആദ്യം ചെയ്തത്. ഈ മാസം ആദ്യമാണ് പാല്‍മിറ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. സൈനിക ദൗത്യത്തില്‍ റഷ്യന്‍ ഭടന്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it