പാല്‍മിറ പുനരുദ്ധരിക്കാന്‍അഞ്ചുവര്‍ഷം വേണ്ടിവരും

ദമസ്‌കസ്: ഐഎസ് തകര്‍ത്ത പൗരാണിക നഗരമായ പാല്‍മിറ പുനരുദ്ധരിക്കുന്നതിന് അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് സിറിയന്‍ പുരാവസ്തുവകുപ്പ് മേധാവി മാമൂന്‍ അബ്ദുല്‍ കരീം. യുനെസ്‌കോയുടെ അനുമതി ലഭിക്കുകയാണെങ്കില്‍ ശില്‍പങ്ങളുടെയും സ്മാരകങ്ങളുടെയും പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുനെസ്‌കോയുടെ ലോക പൈതൃകമേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. സര്‍ക്കാര്‍ സൈന്യം ഐഎസില്‍ നിന്നു പാല്‍മിറ മോചിപ്പിച്ചതിനു പിന്നാലെ നഷ്ടങ്ങള്‍ പരിശോധിച്ചു വിലയിരുത്താന്‍ ഇന്നലെ ഇവിടേക്കു പുരാവസ്തു ശാസ്ത്രജ്ഞരുടെ കുത്തൊഴുക്കായിരുന്നു. സുപ്രസിദ്ധമായ ബെല്‍ ക്ഷേത്രമുള്‍പ്പെടെയുള്ളവയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നഗരത്തിന്റെ വലിയൊരു ഭാഗത്തിന് ഇപ്പോഴും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നാണു വിവരം. ഒരുവര്‍ഷം മുമ്പാണ് പാല്‍മിറ ഐഎസ് പിടിച്ചെടുത്തത്. യുദ്ധത്തിനു മുമ്പ് 70,000ത്തോളം പേര്‍ പാല്‍മിറയില്‍ വസിച്ചിരുന്നു. പിന്നീട് നിരവധിപേര്‍ ഇവിടെ നിന്നു പലായനം ചെയ്തു. റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് സര്‍ക്കാര്‍ സൈന്യം മേഖല തിരിച്ചുപിടിച്ചത്.
Next Story

RELATED STORIES

Share it