Flash News

പാല്‍ഖര്‍: ബിജെപിയും ശിവസേനയും ഏറ്റുമുട്ടുമ്പോള്‍

ഹാരിസ്
മുംബൈ: പൊതുതിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കി. ഇന്ന് ഉപതിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിലെ പാല്‍ഖര്‍ മണ്ഡലത്തില്‍ എന്‍ഡിഎ കാവിസഖ്യത്തിലെ രണ്ടു കക്ഷികള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം.  ജനുവരിയില്‍ ബിജെപി എംപി ചിന്താമന്‍ വാംഗെയുടെ മരണം കാരണമാണ് ഉപതിരഞ്ഞെടുപ്പ്. സഖ്യകക്ഷി അംഗത്തിന്റെ നിര്യാണംമൂലം ഒഴിവുവന്ന സീറ്റില്‍ ശിവസേന മല്‍സരിക്കുന്നത് ഇതാദ്യം. ഇരുകക്ഷികളും തമ്മിലുള്ള ഭിന്നത വര്‍ധിക്കുന്നതിന്റെ സൂചനയാണ് ഈ ഏറ്റുമുട്ടല്‍.
പ്രകോപിപ്പിച്ചാല്‍ ബിജെപിയുടെ തട്ടകത്തില്‍ കയറി കളിക്കാനും മടിക്കില്ലെന്നാണ് ശിവസേന നല്‍കുന്ന സന്ദേശം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആവശ്യമെങ്കില്‍ തനിയെ മല്‍സരിക്കാനും തയ്യാറാണെന്ന ശിവസേനാ മുന്നറിയിപ്പാണിത്. 2019ല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ശിവസേനാ നേതാവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. പാല്‍ഖര്‍ തങ്ങള്‍ക്ക് ഡ്രസ് റിഹേഴ്‌സലാണെന്നും ശിവസേനാ നേതാവ് പ്രഖ്യാപിച്ചു. പ്രചാരണത്തിന് ചുക്കാന്‍പിടിക്കാന്‍ മുംബൈ എംഎല്‍എമാരെ ബിജെപി രംഗത്തിറക്കി. ശിവസേന മുംബൈ താനെ കോര്‍പറേഷന്‍ അംഗങ്ങളായ നേതാക്കളെയാണു നിയോഗിച്ചത്. യുപി, ബിഹാര്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണത്തിനെത്തി. മറാത്ത കേന്ദ്രങ്ങളില്‍ ശിവസേനയുടെ ഉദ്ദവ് താക്കറെ സജീവമാണ്.
അന്തരിച്ച ബിജെപി എംപി ചിന്താമന്‍ വാംഗെയുടെ മകന്‍ ശ്രീനിവാസ് വാംഗെ ശിവസേന സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര ഗാവിറ്റാണ് ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്, മുന്‍ എംപി ദാമോദര്‍ ഷിംഗ്ദക്കാണ് സീറ്റ് നല്‍കിയത്. പാല്‍ഖര്‍ ജില്ലയിലെ ദഹാനു മണ്ഡലത്തില്‍ നിന്ന് അഞ്ചുതവണ ലോക്‌സഭാംഗമായിരുന്നു ഷിംഗ്ദ.
ആഴ്ചകള്‍ക്കു മുമ്പാണ് വാംഗെ കുടുംബം ശിവസേനയിലേക്കു കൂറുമാറിയത്. തങ്ങളെ ബിജെപി പൂര്‍ണമായി അവഗണിച്ചെന്ന് വാംഗെയുടെ മക്കള്‍ പരാതി ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അവര്‍ സന്ദേശമയച്ചു, അതും അവഗണിക്കപ്പെട്ടു. ശിവസേനയില്‍ ചേര്‍ന്ന ശ്രീനിവാസിന്റെ പത്രികാസമര്‍പ്പണം ശക്തിപ്രകടനമായിരുന്നു. കുടുംബത്തോടൊപ്പം മഹാരാഷ്ട്ര മന്ത്രി ഏകനാഥ് ഷിന്‍ഡെയും പങ്കെടുത്തു.  ബിജെപിക്കു വേണ്ടിയാണ് വാംഗെ ആ സീറ്റ് മുമ്പു ജയിച്ചത്. ബിജെപിക്ക് ആ സീറ്റ് നിലനിര്‍ത്തണം. ബിജെപിയെ പിന്തുണയ്ക്കാതെ ശിവസേന ചതിച്ചെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പു പ്രചാരണത്തിന് തന്റെ ഭര്‍ത്താവിന്റെ പടങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ബിജെപി പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി വാംഗെയുടെ ഭാര്യ തന്നെ പരാതി നല്‍കിയപ്പോള്‍ വാംഗെയുടെ പടം ഉപയോഗിക്കുന്നതിനുള്ള അവകാശം ബിജെപിക്ക് മാത്രമാണെന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം.
ബിജെപി മണിപവര്‍ ഉപയോഗിക്കുന്നതായി ശിവസേനാ മുഖപത്രം സാമ്‌ന ആരോപിച്ചു.  പട്ടികവര്‍ഗ സംവരണ മണ്ഡലമായ പാല്‍ഖര്‍ മേഖലയില്‍ വാസയ് എംഎല്‍എ ഹിതേന്ദ്ര ഠാക്കൂര്‍ നയിക്കുന്ന പ്രാദേശിക കക്ഷിയായ ബഹുജന്‍ വികാസ് അഘാദി(ബിവിഎ)യാണ് ഏറ്റവും സ്വാധീനമുള്ള കക്ഷി. മുന്‍ എംപി ബലിറാം ജാദവാണ് ബിവിഎ സ്ഥാനാര്‍ഥി. സിപിഎം സ്ഥാനാര്‍ഥിയായി ഗഹല രാജ, മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ശങ്കര്‍ ബദാദെ, സന്ദീപ് ജാദവ് (സ്വതന്ത്രന്‍) എന്നിവരും മാറ്റുരയ്ക്കുന്നു.
Next Story

RELATED STORIES

Share it