പാലോട് രവി പരിഗണനയില്‍; ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ്സിന്

തിരുവനന്തപുരം: എന്‍ ശക്തന്‍ സ്പീക്കറായതോടെ ഒഴിവു വന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ്സിന്. ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉണ്ടാവും. നെടുമങ്ങാട് എംഎല്‍എ പാലോട് രവിയെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഈ പദവിക്കായി നേരത്തേ ആര്‍എസ്പി അവകാശവാദം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ്സിനു നല്‍കാന്‍ ധാരണയായത്.
മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് ആവശ്യം ഉന്നയിക്കേണ്ടെന്ന് ആര്‍എസ്പി തീരുമാനിച്ചത്. മറ്റ് ഘടകകക്ഷികളുമായും കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയിരുന്നു. പാലോട് രവിയെ കൂടാതെ കെ മുരളീധരന്റെ പേരും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. കുറഞ്ഞ കാലയളവിലേക്ക് ഡെപ്യൂട്ടി സ്പീക്കറാകുന്നതില്‍ താല്‍പര്യമില്ലെന്ന് കെ മുരളീധരന്‍ അറിയിച്ചു.
ജി കാര്‍ത്തികേയന്റെ മരണത്തോടെ എന്‍ ശക്തന്‍ സ്പീക്കര്‍ പദവിയിലെത്തിയതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിവു വന്നത്. ഇതേത്തുടര്‍ന്ന് ആര്‍എസ്പി ഈ പദവിക്കായി അവകാശവാദം ഉന്നയിച്ചു. എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തിയ ആര്‍എസ്പി, ഷിബു ബേബിജോണ്‍ വിഭാഗവുമായി ലയിച്ചതോടെ ഒരു മന്ത്രിസ്ഥാനം പോരെന്ന് അഭിപ്രായപ്പെട്ടു. കോവൂര്‍ കുഞ്ഞുമോനെ ഡെപ്യൂട്ടി സ്പീക്കറാക്കാനും പാര്‍ട്ടി ആലോചിച്ചിരുന്നു.
എന്നാല്‍, കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന സ്ഥാനം ഘടകകക്ഷിക്ക് കൈമാറുന്നതിനോട് കോണ്‍ഗ്രസ്സിനുള്ളില്‍ എതിര്‍പ്പ് ശക്തമായതിനാലാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫ് വിട്ടതോടെയാണ് മുന്നാക്ക കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനത്ത് ഒഴിവു വന്നത്. നിയമസഭ ആരംഭിക്കുന്ന 30ന് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പിനുള്ള നോട്ടീസ് സ്പീക്കര്‍ പുറപ്പെടുവിച്ചാല്‍ ഡിസംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കും.
Next Story

RELATED STORIES

Share it