പാലോട് രവി ഡെപ്യൂട്ടി സ്പീക്കറാവും; തിരഞ്ഞെടുപ്പ് 2ന്

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 2ന് രാവിലെ 9.30ന് നിയമസഭാ ചേംബറില്‍ നടത്തുമെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചു.
നാമനിര്‍ദേശപത്രികകള്‍ ഡിസംബര്‍ 1ന് ഉച്ചയ്ക്ക് 12 മണിക്കു മുമ്പ് നിയമസഭാ സെക്രട്ടറിക്ക് നല്‍കണം. നെടുമങ്ങാട് എംഎല്‍എ പാലോട് രവി പുതിയ ഡെപ്യൂട്ടി സ്പീക്കറാവുമെന്നാണ് അന്തിമ റിപോര്‍ട്ടുകള്‍. കെ മുരളീധരന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കണമെന്ന് നേരത്തേ ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായതിനാല്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് മുരളീധരന്‍ രമേശ് ചെന്നിത്തലയെ നേരിട്ട് അറിയിച്ചു. ഇതോടെയാണ് എ ഗ്രൂപ്പിലെ പാലോട് രവിക്ക് സാധ്യത തെളിഞ്ഞത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
നേരത്തേ ആര്‍എസ്പി ഡെപ്യൂട്ടി സ്പീക്കര്‍ പദവിക്ക് അവകാശവാദമുന്നയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയിരുന്നില്ല. ആര്‍എസ്പിയുടെ കോവൂര്‍ കുഞ്ഞുമോന് മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍സ്ഥാനം നല്‍കിയാണ് ഇതുസംബന്ധിച്ച തര്‍ക്കം പരിഹരിച്ചത്.
അതേസമയം, ഡെപ്യൂട്ടി സ്പീക്കറുടെ കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനം പറയേണ്ടതെന്നും ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും സ്പീക്കര്‍ എന്‍ ശക്തന്‍ പ്രതികരിച്ചിരുന്നു. പുതിയ ഡെപ്യൂട്ടി സ്പീക്കര്‍ ഈ സമ്മേളനകാലത്തുതന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.
Next Story

RELATED STORIES

Share it