thrissur local

പാലുല്‍പാദനത്തില്‍ സിഡംബറോടെ സ്വയംപര്യാപ്തത നേടുമെന്ന് മന്ത്രി

തൃശൂര്‍: പാലുല്‍പാദനത്തില്‍ സിഡംബറോടെ കേരളം സ്വയംപര്യാപ്തത നേടുമെന്ന് ക്ഷീരവികസന മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. ഇപ്പോള്‍ മൊത്തം ആവശ്യത്തിന്റെ 83 ശതമാനം കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ക്ഷീരമേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ നടത്തിയ ഇടപെടലാണ് ഈയൊരു നേട്ടത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ ക്ഷീരഗ്രാമം പദ്ധതി സമര്‍പ്പണവും ഗുണഭോക്തൃസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാഴൂര്‍ ഗ്രാമപഞ്ചായത്ത് സി അച്യുതമേനോന്‍ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗീതഗോപി എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
പാലുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഡയറി സോണുകള്‍ തുടങ്ങും. ഒരു ഡയറി സോണില്‍ അഞ്ച് വര്‍ഷം കൊണ്ട് രണ്ടര കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. സംസ്ഥാന സര്‍ക്കാര്‍ ക്ഷീരമേഖലയ്ക്കായി ഈ വര്‍ഷത്തെ ബജറ്റില്‍ 107 കോടി രൂപയാണ് മാറ്റി വച്ചത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്നൂറ് കോടി രൂപ നീക്കിവച്ചു. ഇങ്ങനെ 407 കോടി രൂപയാണ് ക്ഷീര മേഖലയ്ക്ക് മാത്രമായി സംസ്ഥാനത്ത് മാറ്റി വച്ചിരിക്കുന്നത്. ക്ഷീരഗ്രാമം പദ്ധതി ഈ വര്‍ഷം പത്ത് പഞ്ചായത്തുകളില്‍ കൂടി നടപ്പിലാക്കും മന്ത്രി  പറഞ്ഞു.
ക്ഷീരകര്‍ഷക പെന്‍ഷന്‍ അഞ്ഞൂറ് രൂപയില്‍ നിന്നും ആയിരത്തി ഒരുനൂറ് രൂപയാക്കി. വിഷുവിനുളള പെന്‍ഷന്‍ തുക അനുവദിച്ചു കഴിഞ്ഞു. ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിനുളളില്‍ നടപ്പാക്കിയത്. മില്‍മ അതിന്റെ ലാഭവിഹിതം ക്ഷീരകര്‍ഷകര്‍ക്ക് കൂടെ നല്‍കാന്‍ തയ്യാറാകണം. പാലിന്റെ ആവശ്യകത കുറയുന്നില്ല. ക്ഷീരസംഘങ്ങളോ, അതിലെ ജീവനക്കാരോ, സംഘം ഭാരവാഹികളോ അല്ല അവിടെ പാല്‍ ഉല്‍പാദിപ്പിച്ച് നല്‍കുന്ന ക്ഷീര കര്‍ഷകനാണ് യഥാര്‍ത്ഥത്തില്‍ ലാഭവിഹിത്തിന്റെ അവകാശി. മന്ത്രി പറഞ്ഞു.
സംസ്ഥാത്ത് കന്നുകാലികളുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍. ഇത് പരിഹരിക്കാന്‍ എല്ലാവരും പശുവളര്‍ത്തണം.  ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പശുവിനേയോ ആടിനേയോ സ്വന്തമായി വളര്‍ത്തുന്നുണ്ടെന്ന് ആത്മപരിശോധന നടത്തണം. മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഇറച്ചി കോഴികളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 1000 കോഴിക്കുഞ്ഞുങ്ങളെ നല്‍കും. പ്രായപൂര്‍ത്തിയെത്തിയാല്‍ കിലോയ്ക്ക് 68 രൂപ നിരക്കില്‍ തിരിച്ചെടുക്കും. ഇങ്ങനെയുളള അയ്യായിരം യൂണിറ്റുകള്‍ കേരളത്തില്‍ തുടങ്ങികഴിഞ്ഞു. ഒരു വര്‍ഷം 4 പ്രാവശ്യം കോഴികുഞ്ഞുങ്ങളെ വളര്‍ത്തി വില്‍ക്കാന്‍ ഈ യൂണിറ്റുകളിലൂടെ സാധ്യമാവും. ഇത്തരം യൂണിറ്റുകള്‍ തുടങ്ങാന്‍ 4 ശതമാനം പലിശനിരക്കില്‍ ഒരു ലക്ഷം രൂപ വായ്പ നല്‍കും. ഈ വര്‍ഷം മുതല്‍ കൂടുതല്‍ യൂണിറ്റുകള്‍ അനുവദിക്കുമെന്നും മന്ത്രി കെ രാജു അറിയിച്ചു.
ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍, മില്‍മ എറാണകുളം മേഖല ചെയര്‍മാന്‍ പി എ ബാലന്‍, ജില്ലാ പഞ്ചായത്തംഗം ഷീല വിജയകുമാര്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി സി ശ്രീദേവി, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മേനുജ പ്രതാപന്‍, മറ്റ് ജനപ്രതിനിധികള്‍ പങ്കെടുത്തു. ക്ഷീരവികസന സെമിനാറില്‍ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ശാലിനി ഗോപിനാഥ് ക്ലാസ്സെടുത്തു. ഡെപ്യൂട്ടി ഡയറക്ടര്‍ മിനി രവീന്ദ്രദാസ് മോഡറേറ്ററായി.
Next Story

RELATED STORIES

Share it