പാലുല്‍പാദനത്തില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: ലോകത്ത് പാലുല്‍പാദനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം കൈവരിച്ചതായി സാമ്പത്തിക സര്‍വേ. ലോകത്ത് ആകെ ഉല്‍പാദിപ്പിക്കുന്ന പാലിന്റെ 18.5 ശതമാനം ഇന്ത്യയില്‍ നിന്നാണ്. 2014-15ല്‍ 146.3 ദശലക്ഷം ടണ്ണാണ് ഉല്‍പാദനം. 2013-14ല്‍ ഇത് 137.69 ദശലക്ഷം ടണ്ണായിരുന്നു. 6.26 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം കൈവരിച്ചത്.
ലോക ഭക്ഷ്യസംഘടനയുടെ കണക്ക് പ്രകാരം ആഗോള പാലുല്‍പാദനത്തില്‍ 3.1 ശതമാനമാണ് വളര്‍ച്ച. ഇന്ത്യയില്‍ പാലിന്റെ പ്രതിശീര്‍ഷ ലഭ്യത 1990-91ലെ 176 ഗ്രാം പ്രതിദിനം എന്ന സ്ഥാനത്ത് 2014-15 ആയപ്പോള്‍ 322 ഗ്രാമായി. ഇത് ആഗോള ശരാശരി ആയ 294നെക്കാള്‍ മുകളിലാണ്. പാലിന്റെയും പാലുല്‍പന്നങ്ങളുടെയും സുസ്ഥിര വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.
മുട്ടയുടെയും മല്‍സ്യത്തിന്റെയും ഉല്‍പാദനത്തിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധനവുണ്ടായി. 2014-15ല്‍ 78.48 ബില്യന്‍ മുട്ടയാണ് ഉല്‍പാദിപ്പിച്ചത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പന്നങ്ങളില്‍ ഒരു ശതമാനവും കാര്‍ഷിക രംഗത്തെ മൊത്തം ആഭ്യന്തര ഉല്‍പന്നങ്ങളില്‍ 5.8 ശതമാനവും മത്സ്യമേഖലയില്‍ നിന്നാണ്. 2014-15 ലെ ആകെ മത്സ്യോത്പാദനം 10.16 മെട്രിക് ടണ്ണാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഊര്‍ജ മേഖലയില്‍ സമ്പൂര്‍ണമായ മാറ്റങ്ങളാണ് ഉണ്ടായതെന്നും സാമ്പത്തിക സര്‍വേ പറയുന്നു. 2014-15 ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഉത്പാദനശേഷി വര്‍ധനവായ 26.5 ജിഗാ വാട്‌സിന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശരാശരി വാര്‍ഷിക വര്‍ധന ഏകദേശം 19 ജിഗാ വാട്ടായിരുന്നു. പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ ഉല്‍പാദന ലക്ഷ്യം 32 ജിഗാവാട്ടില്‍ നിന്ന് 175 ജിഗാവാട്ടായി ഉയര്‍ത്തിയത് ഈ മേഖലയുടെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കിയെന്നും സര്‍വേ പറയുന്നു.
Next Story

RELATED STORIES

Share it