kannur local

പാലിശ്ശേരി കടവത്ത് കോളനിയില്‍ കടലേറ്റം പതിവ്

തലശ്ശേരി: പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ താമസിക്കുന്ന തലശ്ശേരി സ്‌റ്റേഡിയം പള്ളിക്കു സമീപത്തെ പാലിശ്ശേരി കടവത്ത് കോളനിയില്‍ കടലാക്രമണം പതിവ്. നാളുകള്‍ ഏറെയായി നൂറ് മീറ്ററോളം ദൈര്‍ഘ്യമുള്ള കടവത്ത് കോളനി പരിസരത്ത് നിലവിലുള്ള ഭിത്തി ഭൂരിഭാഗവും തകര്‍ന്നിരിക്കുകയാണ്. കടലേറ്റത്തില്‍ വെള്ളം ഇരച്ചുകയറി കോളനി പരിസരത്ത് എത്തുന്നതോടെപ്പം തന്നെ തിരമാലകള്‍ ഭിത്തിയിടിലിടിച്ച് കവിഞ്ഞൊഴുകുന്ന വെള്ളവും കോളനിയിലേക്ക് ഇരച്ചുകയറുകയാണ്.
റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ഇറിഗേഷന്‍ വകുപ്പിനും പരാതി നല്‍കാറുണ്ടെങ്കിലും കടല്‍ഭിത്തി പണിയുകയെന്ന പ്രധാന ആവശ്യം പൂര്‍ത്തീകരിക്കച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമുണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ കടവത്ത് കോളനി ഒന്നടങ്കം ഭീതിയിലായിരുന്നു. ഇതേത്തുടര്‍ന്ന് കോളനി പ്രദേശത്തുള്ള മുഴുവന്‍ രാഷ്ടീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഇറിഗേഷന്‍ വകുപ്പിന് കടല്‍ഭിത്തിയുടെ ആവശ്യകത വ്യക്തമാക്കി നിവേദനം നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇറിഗേഷന്‍ വകുപ്പ് ഭിത്തി കെട്ടാന്‍ അനുമതി നല്‍കിയെങ്കിലുംഒരുവര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. ഇതിനിടെ കഴിഞ്ഞ ദിവസം തലശ്ശേരി കടല്‍പാലത്തിന് സമീപവും ചെറുകിട മല്‍സ്യ മാര്‍ക്കറ്റ്, ജനറല്‍ ആശുപത്രി പരിസരം എന്നിവ ഉള്‍ക്കൊള്ളുന്ന കടല്‍ തീരത്ത് അതിരൂക്ഷമായി അനുഭവപ്പെട്ട കടലേറ്റം തടയുന്നതില്‍ നിരവധി വര്‍ഷമായുള്ള ആവശ്യം പരിഗണിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നിന്നു ഇറിഗേഷന്‍ വിഭാഗത്തിലെ ഉന്നത സംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനുശേഷം ചെറിയ കരിങ്കല്ലുകള്‍ ഉപയോഗിച്ച് പ്രദേശത്ത് ഭിത്തി കെട്ടാനുള്ളനടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.
അതേസമയം പാലിശ്ശേരി കടവത്ത് ഭാഗത്ത് നൂറോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കടവത്ത് കോളനിക്ക് തകര്‍ന്ന ഭിത്തി പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ടെന്‍ഡര്‍ നല്‍കിയെങ്കിലും എംക്യൂവിന്റെ ഉയര്‍ന്ന വലിപ്പമുള്ള കരിങ്കല്ലുകള്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ടെന്‍ഡറില്‍ നിന്നു കരാറുകാര്‍ പിന്‍വാങ്ങുകയായിരുന്നു. സര്‍ക്കാറുകള്‍ പ്രഖ്യാപനം മുറപോലെ നടത്തുമ്പോഴും അത് പൂര്‍ത്തികരിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവുന്നില്ലെന്നതിന്റെ നേര്‍സാക്ഷ്യമാണിത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭിത്തി നിര്‍മാണം മഴക്കാലം എത്തും മുമ്പ് നടപ്പാക്കണമെന്നാണ് കടവത്ത് ഭാഗത്തെയും തലശ്ശേരി കടല്‍ പാലത്തിന് സമീപം ഉള്ളവരുടെയും ആവശ്യം.
Next Story

RELATED STORIES

Share it