പാലിയേക്കര ബിഒടി; ഡിവൈഎസ്പിയെ സര്‍ക്കാര്‍ സ്ഥലംമാറ്റി രക്ഷപ്പെടുത്തി- സി ആര്‍ നീലകണ്ഠന്‍

കൊച്ചി: സമാന്തര റോഡുകളിലൂടെ പോവുന്ന യാത്രക്കാരെയും വാഹനങ്ങളെയും തടഞ്ഞുനിര്‍ത്തി പാലിയേക്കര ബിഒടി കമ്പനിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി പരിശോധന നടത്തുന്ന ഡിവൈഎസ്പി കെ കെ രവീന്ദ്രനെ സ്ഥലംമാറ്റത്തിലൂടെ സര്‍ക്കാര്‍ ജനരോഷത്തില്‍ നിന്നു രക്ഷിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.
ഡിവൈഎസ്പിക്കെതിരേ വകുപ്പുതല അന്വേഷണവും വിജിലന്‍സ് അന്വേഷണവും നടത്തണമെന്നും ഇദ്ദേഹത്തെ സര്‍വീസില്‍ നിന്നു പുറത്താക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സി ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത പുനര്‍നിര്‍മിച്ച് രണ്ടുവര്‍ഷത്തിനകം ചെലവായ തുകയുടെ പല മടങ്ങ് ടോള്‍ പിരിച്ചെടുത്തുകഴിഞ്ഞ കമ്പനിയുടെ കരാര്‍ സര്‍ക്കാര്‍ റദ്ദാക്കണം. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സമാന്തര റോഡുകള്‍ തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോപ്പിയടിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരും വിജിലന്‍സ് അഴിമതിക്കേസുകളില്‍ പ്രതിയായിട്ടുള്ളവരുമായ ഐപിഎസ് ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ വാഴിക്കുന്ന സര്‍ക്കാര്‍ ഉന്നതന്‍മാരുടെ അഴിമതികള്‍ തുറന്നുകാട്ടിയ ഐപിഎസ് ഉദ്യോഗസ്ഥനു നേരെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ സമീപനമാണു സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരേ ജേക്കബ്ബ് തോമസ് നല്‍കിയിരിക്കുന്ന മാനനഷ്ടക്കേസ് നടത്തുന്നതിന് അദ്ദേഹം നല്‍കിയിരിക്കുന്ന അപേക്ഷയ്ക്ക് അനുമതി നല്‍കണമെന്നും സി ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആം ആദ്മി സംസ്ഥാനസമിതി ഭാരവാഹി അശോക് ജോര്‍ജ് സക്കറിയ പങ്കെടുത്തു.
Next Story

RELATED STORIES

Share it