പാലിയേക്കര: പുതുക്കിയ നിരക്കില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരേ ഹരജിഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: പാലിയേക്കര ടോള്‍ ബൂത്തില്‍ പുതുക്കിയ നിരക്കി ല്‍ ടോള്‍ പിരിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി. ടോള്‍ പിരിക്കുന്നതില്‍ മാത്രമാണ് കരാറുകാര്‍ക്ക് താല്‍പര്യമെന്നും മറ്റ് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
റോഡ് അറ്റകുറ്റപ്പണികളും സര്‍വീസ് റോഡ് ഒരുക്കലുമടക്കം നടപ്പാക്കാനുള്ള ബാധ്യതയും കരാര്‍ പ്രകാരം ടോള്‍ പിരിക്കുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഉണ്ടെന്ന് ഹരജിയില്‍ പറയുന്നു. നേരത്തെ ഇതുസംബന്ധിച്ച ഹരജി പരിഗണിക്കവേ ഹൈക്കോടതി ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന വ്യവസ്ഥ ഷെഡ്യൂള്‍ എല്‍ പ്രകാരം കരാറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്രകാരം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കരാറുകാര്‍ അറ്റകുറ്റപ്പണി നടത്തേണ്ടതായിരുന്നു. എന്നാല്‍, അങ്ങിനൊന്ന് ഉണ്ടായില്ല.
ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാതെയാണ് ടോള്‍ നിരക്ക് ഉയര്‍ത്താന്‍ പോവുന്നത്. ടോള്‍ വര്‍ധിപ്പിക്കാന്‍ ദേശീയപാത അതോറിറ്റി ജനറല്‍ മാനേജര്‍ കരാറുകാര്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ടോള്‍ വര്‍ധന നടപ്പാക്കുന്നത് തടയണമെന്നാണ് ഹരജിയിലെ ആവശ്യം.

Next Story

RELATED STORIES

Share it