thrissur local

പാലിയേക്കര ടോള്‍ പ്ലാസയില്‍ സൗജന്യ പാസ് നിര്‍ത്തലാക്കാനുള്ള നീക്കം ചെറുക്കുമെന്ന്

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ അനുവദിച്ചു വന്നിരുന്ന സൗജന്യ പാസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തെ എന്തു വില കൊടുത്തു ചെറുക്കുമെന്ന് എഐവൈഎഫ് ജില്ലാ കമ്മിറ്റി സെക്രട്ടറി രാഗേഷ് കണിയാംപറമ്പിലും പ്രസിഡന്റ് കെ.പി.സന്ദീപും പ്രസ്താവനയിലൂടെ പറഞ്ഞു.
നിലവില്‍ 10 കി.മീ ചുറ്റളവില്‍ ആണ് സൗജന്യ പാസ് നല്‍കുന്നത്. അത് തന്നെ എഐവൈഎഫ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ബഹുജന സമരങ്ങളിലൂടെ നേടിയെടുത്തതാണ്. ഇപ്പോള്‍ പുതിയ പാസുകള്‍ നല്‍കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ദേശീയപാത അതോറിറ്റിയുടെ അഴിമതിയുടെ തെളിവുകളാണ് ഇതിലൂടെ പുറത്ത് വരുന്നത്. ടോള്‍ കമ്പനിക്ക് വേണ്ടി എന്ത് ഒത്താശയും ചെയ്തു കൊടുക്കുന്ന നയമാണ് ദേശീയ പാത അതോറിറ്റിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്.
ഇപ്പോള്‍ പ്രദേശവാസികള്‍ക്കു പോലും യാത്രാ അവകാശം നിഷേധിക്കുന്ന നിലപാടിലേക്കാണ് അവര്‍ മുന്നോട്ടു പോകുന്നത്. അതിനെ ചെറുക്കേണ്ടതുണ്ട്.
5 വാഹനങ്ങളില്‍ കൂടുതല്‍ വരി നിന്നാല്‍ ടോള്‍ നല്‍കാതെ കടത്തി വിടണമെന്ന കരാര്‍ തീരുമാനം അട്ടിമറിച്ചതും ദേശീയപാത അതോറിറ്റിയാണ്.
ഇത്തരത്തില്‍ എല്ലാ വിധത്തിലും കമ്പനിയെ സഹായിക്കുന്ന നിലപാടുമായി മുന്നോട്ടു പോവുകയാണ് അതോറിറ്റി. സൗജന്യ പാസ് കമ്പനിയുടെ ഔദാര്യം എന്ന രീതിയിലാണ് കമ്പനിയും ദേശീയപാത അതോറിറ്റിയും നോക്കി കാണുന്നത്.
സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപ്പെടണമെന്നും ജനങ്ങളുടെ അവകാശം നിലനിര്‍ത്തണമെന്നും എഐവൈഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ വിഷയം മുന്‍ നിര്‍ത്തി നാളെ എഐവൈഎഫ് നേതൃത്വത്തില്‍ ടോള്‍പ്ലാസയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, പ്രസിഡന്റ് കെ.പി.സന്ദീപ് എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it