thrissur local

പാലിന് വില നല്‍കിയില്ലെങ്കില്‍ ബദല്‍ സംവിധാനം തേടും: സമഗ്രക്ഷീര കര്‍ഷക സംഘടന



തൃശൂര്‍: ക്ഷീര കര്‍ഷകര്‍ക്ക് പാലിന് മില്‍മ ന്യായമായ വില നല്‍കിയില്ലെങ്കില്‍ ബദല്‍ മാര്‍ഗം തേടുമെന്ന് സമഗ്രക്ഷീര കര്‍ഷക സംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മില്‍മ നല്‍കുന്ന വിലയിലും കുറഞ്ഞ വിലയ്ക്കാണ് കാലിത്തീറ്റ സംഘടനയുടെ നേതൃത്വത്തില്‍ വിതരണം തുടങ്ങിയിരിക്കുന്നത്. നിലവില്‍ ഒരു ലിറ്റര്‍ പാലുല്‍പാദിപ്പിക്കാന്‍ 41 രൂപ ചെലവ് വരുന്നുണ്ട്. എന്നാല്‍ മില്‍മ 34 രൂപ വരെയാണ് പരമാവധി വില നല്‍കുന്നത്. ഇത്തരത്തില്‍ ക്ഷീരകര്‍ഷകരെ വഞ്ചിക്കുകയാണ് മില്‍മ ചെയ്യുന്നത്. 2017 ഓഗസ്റ്റില്‍ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ ഉത്തരവു പ്രകാരം പശുവിന്‍ പാലിന്റെ ഗുണനിലവാരം 3.2 ഫാറ്റും 8.3 എസ്എന്‍എഫ് ആയി പുതുക്കി നിശ്ചയിച്ചിട്ടുള്ളതാണ്. ഈ ഉത്തരവ് അടിയന്തിരമായി നടപ്പാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ക്ഷീര കര്‍ഷകരോടുള്ള അവഗണന മൂലം സംസ്ഥാനത്ത് നാല്‍പത് ശതമാനം ക്ഷീരകര്‍ഷകര്‍ ഈ മേഖല വിട്ടുപോയിരിക്കയാണ്. മില്‍മ നിലപാട് മാറ്റിയില്ലെങ്കില്‍ കൂടുതല്‍ പേര്‍ വിട്ടുപോകുന്ന സാഹചര്യമാണുള്ളതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് ജോണി എടത്തിപറമ്പില്‍, വൈസ് പ്രസിഡന്റ് ബാബുരാജന്‍ തുമ്പൂര്‍, ജനറല്‍ സെക്രട്ടറി സെബി പഴയാറ്റില്‍, ട്രഷറര്‍ അജീഷ് കൊരട്ടി, ദില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it