Kottayam Local

പാലാ-പൊന്‍കുന്നം റോഡിന്റെ ദുസ്ഥിതിയ്ക്ക് പരിഹാരമായില്ല



പൊന്‍കുന്നം: അപകടത്തില്‍പ്പെട്ട് നിരവധിപേര്‍ മരണപ്പെട്ട പാലാ-പൊന്‍കുന്നം റോഡിന്റെ ദുസ്ഥിതിയ്ക്ക് പരിഹാരം കാണാന്‍ പഠനം നടത്തിയെങ്കിലും നടപടിയില്ല. പഠനം നടത്തിയിട്ട് ഏഴു മാസം പിന്നിട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ പോലിസും കെഎസ്ടിപി വിദഗ്ധരും ചേര്‍ന്നു നടത്തിയ പഠനത്തിന്റെ റിപോര്‍ട്ടാണു നടപടി ഇല്ലാതായിരിക്കുന്നത്. പൊന്‍കുന്നം-പാലാ റോഡില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനു പൊന്‍കുന്നം മുതല്‍ മഞ്ചക്കുഴി വരെയുള്ള 10 കിലോ മീറ്റര്‍ ദൂരത്ത് അത്യാവശ്യമായി തയ്യാറാക്കേണ്ട സുരക്ഷാ സംവിധനങ്ങളുടെ വിവരങ്ങളാണു റിപോര്‍ട്ടിലുള്ളത്. റോഡിലെ ഈ ഭാഗത്താണ് ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും അധികം അപകടം നടന്നത്. രണ്ടാം മൈലിലും കൂരാലിയിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക, രാത്രിയിലും പ്രവര്‍ത്തിക്കുന്ന സ്പീഡ് റഡാര്‍ സംവിധാനം, അപകടസാധ്യത ഏറെയുള്ള 10 സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍, 10 മീഡിയന്‍, 10 കോണ്‍വെക്‌സ് കണ്ണാടി, 25 ട്രാഫിക് കോണ്‍, 15 വാള്‍ പ്രൊട്ടക്ടര്‍ തുടങ്ങിയവ സ്ഥാപിക്കുക,രണ്ടാം മൈലിലും ഇളങ്ങുളം പള്ളിക്കു സമീപവും വേഗത അളക്കാന്‍ രാത്രിയിലും പകലും പ്രവര്‍ത്തിക്കുന്ന കാമറകള്‍, റോഡിലുള്ള രണ്ടു കലുങ്ക്, നാലു പാലങ്ങള്‍ എന്നിവയ്ക്കു സമീപം അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് റിപോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍. ശബരിമല തീര്‍ത്ഥാടന കാലത്തിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ ജനങ്ങളുടെ ആശങ്ക ഏറുകയാണ്. തീര്‍ത്ഥാടന വാഹനത്തിരക്കു കൂടിയാകുമ്പോള്‍ അപകട സാധ്യതയേറുകയാണ് ഈ മേഖലയില്‍. കെഎസ്ടിപിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിച്ച് സുരക്ഷാ ക്രമീകരണമൊരുക്കാന്‍ നടപടി എടുക്കണമെന്ന് ജനങ്ങളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it