Kottayam Local

പാലാ ഗ്രീന്‍ ടൂറിസം പദ്ധതി പ്രഖ്യാപനം ഇന്ന്

പാലാ: വിനോദ സഞ്ചാര തീര്‍ത്ഥാടന കേന്ദ്രങ്ങളെ യോജിപ്പിച്ച് ഇന്ത്യയില്‍ ആദ്യമായി വിഭാവനം ചെയ്തു നടപ്പാക്കുന്ന ഗ്രീന്‍ടൂറിസം പദ്ധതിയുടെ പ്രഖ്യാപനവും പാലാ ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിനായുള്ള ടൂറിസം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനവും ഇന്ന് പാലായില്‍ നടക്കും. മീനച്ചില്‍ താലൂക്കിലെ മലയോര മേഖലകള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, വിനോദ സഞ്ചാര പ്രദേശങ്ങള്‍ എന്നിവയെ പാലാ നഗരവുമായി കൂട്ടിയിണക്കിയാണ് നിര്‍ദിഷ്ട പദ്ധതി.
ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, അയ്യന്‍മ്പാറ, മാര്‍മല അരുവി, വലവൂര്‍ സെന്റ് തോമസ് മൗണ്ട്, രാമപുരം നാലമ്പലം, ഏഴാച്ചേരി, ഭരണങ്ങാനം, ഇടപ്പാടി, കടപ്പാട്ടൂര്‍, കുറവിലങ്ങാട് തുടങ്ങി 15ല്‍പ്പരം പ്രധാന കേന്ദ്രങ്ങളെയാണ് നിര്‍ദ്ദിഷ്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ സാധാരണ ഹോട്ടലുകള്‍ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, നിരീക്ഷണഗോപുരം, ബോട്ടിങ്, റോപ്കാര്‍, ഹെലിപ്പാഡ്, പില്‍ഗ്രിം അമിനിറ്റി സെന്ററുകള്‍ എന്നിവയും ഉണ്ടാവും. നിര്‍ദിഷ്ട പദ്ധതി പ്രദേശത്തേക്കുള്ള റോഡുകള്‍ എല്ലാം ആധുനിക നിലവാരത്തില്‍ നിര്‍മിച്ചുവരികയാണ്.
ഈ പദ്ധതിയുടെ പ്രവേശന കവാടമായ പാലാ നഗരത്തില്‍ ടൗണ്‍ ബസ് സ്റ്റേഷനു സമീപം മീനച്ചിലാറിന്റെയും ളാലം തോടിന്റെയും സംഗമസ്ഥാനത്ത് ടൂറിസം അമിനിറ്റി സെന്റര്‍ സ്ഥാപിക്കും.
9 കോടിയുടേതാണ് ഈ പദ്ധതി. തൂക്കുപാലം, ബോട്ടുജട്ടി, പാര്‍ക്ക്, നടപ്പാതകള്‍ തുടങ്ങിയവ ഇവിടെ ക്രമീകരിക്കും. ഇന്ന് വൈകീട്ട് അഞ്ചിന് പാലാ ടൗണ്‍ ബസ് സ്റ്റേഷനു സമീപം നടക്കുന്ന ചടങ്ങില്‍ വച്ച് കെ എം മാണി എംഎല്‍എ നഗരസൗന്ദര്യപദ്ധതിയുടെ ശിലാസ്ഥാപനവും ഗ്രീന്‍ടൂറിസം പദ്ധതിയുടെ പ്രഖ്യാപനവും നടത്തും. ജോസ് കെ മാണി എംപി അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it