പാലായ്ക്കും കോട്ടയത്തിനും കൈനിറയെ പദ്ധതികള്‍

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിയെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി. ധനമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ബജറ്റ് അവതരിപ്പിച്ച കെ എം മാണിയുടെ വികസന സമീപനം കേരളത്തിന്റെ പുരോഗതിയെ സഹായിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബജറ്റ് പ്രസംഗത്തിന്റെ ആദ്യഭാഗമാണ് മാണിയെ പുകഴ്ത്താനും നന്ദി പറയാനും മുഖ്യമന്ത്രി നീക്കിവച്ചത്. സംസ്ഥാനത്തെ കൊള്ളയടിച്ച അന്യസംസ്ഥാന ലോട്ടറി അവസാനിപ്പിക്കാനും ലോട്ടറി വരുമാനത്തില്‍ നിന്ന് നിരാശ്രയ സമൂഹത്തിന് ചികില്‍സാ സഹായം നല്‍കാനും സഹായകമായ കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ഭാവനാപൂര്‍ണമായ സമീപനത്തിന്റെ ഉദാഹരണമാണ്. സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും വികസന പദ്ധതികള്‍ ഒരു തടസ്സവുമില്ലാതെ മുന്നോട്ട് കൊണ്ടുപോവാന്‍ മെച്ചപ്പെട്ട മാനേജ്‌മെന്റിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു. ഇതു നന്ദിപൂര്‍വം സ്മരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റില്‍ സ്വന്തം മണ്ഡലമായ പുതുപ്പള്ളി ഉള്‍പ്പെടുന്ന കോട്ടയം ജില്ലയ്ക്കും മാണിയുടെ മണ്ഡലമായ പാലായ്ക്കും പ്രത്യേക പരിഗണന നല്‍കാനും മുഖ്യമന്ത്രി മറന്നില്ല. പാല-ഏറ്റുമാനൂര്‍ ഹൈവേ നാലുവരി പാതയാക്കാന്‍ 20 കോടി. മുത്തോലി-ഭരണങ്ങാനം റോഡിന്റെ ഒന്നാംഘട്ട പുനരുദ്ധാരണത്തിന് അഞ്ച് കോടി. ഉഴവൂര്‍-കോട്ടയം മെഡിക്കല്‍ കോളജ് മിനി ഹൈവേ റോഡ് പദ്ധതി നടപ്പാക്കാന്‍ 10 കോടി. മണര്‍കാട്-കിടങ്ങൂര്‍ റോഡില്‍ അയര്‍കുന്നം ബൈപാസിന് അഞ്ചുകോടി. എരുമേലി-പമ്പ തീര്‍ത്ഥാടന സര്‍ക്യൂട്ടിന് 100 കോടി. പാലയില്‍ ഇന്‍ഫോസിറ്റിയുടെ തുടര്‍നടപടികള്‍ക്ക് 25 കോടി. പാലയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മന്നം കള്‍ച്ചറല്‍ സ്റ്റഡി സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം. കോട്ടയത്തെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് അഞ്ചു കോടി. പാല ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോ കാത്ത്‌ലാബ്, നെഫ്രോളജി, ഡയാലിസിസ് യൂനിറ്റുകള്‍ക്കായി 9.75 കോടി. കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി, തൊളാസിക് സര്‍ജറി വിഭാഗങ്ങളെ റീജ്യനല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടായി ഉയര്‍ത്തുന്നതിന് 10 കോടി. കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ പുതിയ ബ്ലോക്കിനായി അഞ്ചു കോടി എന്നിവയാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍.
Next Story

RELATED STORIES

Share it