thrissur local

പാലവും റോഡും യാഥാര്‍ഥ്യമായി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മാരേക്കാട് വഴി ബസ് സര്‍വീസില്ല

മാള: പാലവും റോഡും യാഥാര്‍ഥ്യമായി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മാരേക്കാട് വഴി ബസ് സര്‍വ്വീസ് ആരംഭിക്കാത്തത് കാരണം പ്രദേശവാസികള്‍ യാത്രാ ക്ലേശത്താല്‍ ബുദ്ധിമുട്ടുന്നു. മാരേക്കാട് റോഡ് വഴി ബസ് സര്‍വ്വീസ് ആരംഭിക്കുമെന്ന അധികൃതരുടെ വാഗ്ദാനം ജലരേഖയായി മാറിയതിനെതിരെ പ്രതിഷേധം ശക്തമാണ്.
ബസുകളെ സ്വീകരിക്കാനായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച സ്‌റ്റോപ്പ് ബോര്‍ഡുകള്‍ നോക്കുകുത്തികളായി മാറിയിരിക്കയാണ്. മാള ടൗണില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള മാരേക്കാട് വഴി ബസ് സര്‍വ്വീസുകള്‍ ഒന്നുംതന്നെയില്ല. അഷ്ടമിച്ചിറ, പുത്തന്‍ചിറ, ചാലക്കുടി, മാള, ഇരിങ്ങാലക്കുട, കൊടകര തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്താന്‍ സ്വന്തമായി വാഹനം വേണമെന്ന അവസ്ഥയാണ്. അതല്ലെങ്കില്‍ വണ്ടി വാടകക്ക് വിളിക്കണമെന്ന ദുരവസ്ഥയിലുമാണ് നാട്ടുകാര്‍. 1987ല്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ മുന്‍കൈയെടുത്ത് പുരാതനമായ മാരേക്കാട് കടവിലേക്ക് ബസ് സര്‍വ്വീസിന് തുടക്കമിട്ടിരുന്നു. പതിറ്റാണ്ടുകള്‍ സര്‍വ്വീസ് നടത്തിയ ബസ് റോഡ് ശോച്യാവസ്ഥയിലായപ്പോഴാണ് നിര്‍ത്തലാക്കിയത്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും പാലം നിര്‍മ്മാണത്തിനുമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിക്കുകയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. മാള ഗ്രാമപഞ്ചായത്തിലെ മാരേക്കാടിനേയും പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ കുന്നത്തേരിയേയും ബന്ധപ്പെടുത്തിയാണ് പാലം നിര്‍മ്മിച്ചത്. ഇതോടെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ചാലക്കുടിയിലേക്ക് ദൂരം കുറഞ്ഞ വഴിയാണ് തുറക്കപ്പെട്ടത്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പ് ആരംഭിച്ച കെ എസ് ആര്‍ ടി സി ബസ് രണ്ട് മാസം ഓടിയ ശേഷം സര്‍വ്വീസ് നിര്‍ത്തിയതോടെ പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമില്ലാതായി. പിന്നീട് ഈ ആവശ്യം പരിഗണിച്ച് ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. നിര്‍മ്മാണം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞതോടെ റോഡ് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്.
പുത്തന്‍ചിറ, മാള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്കും പുത്തന്‍ചിറ മാള ഹോമിയോ ഡിസ്‌പെന്‍സറികളിലേക്കും ഗുരുതിപ്പാല, കുഴിക്കാട്ടുശ്ശേരി ആയുര്‍വ്വേദ ഡിസ്‌പെന്‍സറികളിലേക്കും വില്ലേജ്, പഞ്ചായത്ത്, രജിസ്റ്റര്‍ ഓഫീസ്, മിനി സിവില്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്കും എത്താന്‍ സ്വന്തം വാഹനങ്ങളില്ലാത്തവര്‍ വാടക വണ്ടികളെ ആശ്രയിക്കേണ്ടി വരികയാണ് കാലങ്ങളേറെയായി. എന്നും തെരഞ്ഞെടുപ്പിനെ ആയുധമാക്കുകയാണ് വഴിയെന്നറിഞ്ഞ് കാത്തിരിക്കാന്‍ മാത്രമാണ് മാരേക്കാട് നിവാസികളുടെ വിധി.
Next Story

RELATED STORIES

Share it