പാലമില്ല; സ്‌കൂളിലെത്തുന്നത് 16 കുട്ടികള്‍ മാത്രം

കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിലെ മാനുരിച്ചാലിനു പാലമില്ലാത്തത് ചെരണത്തല ജിഎല്‍പി സ്‌കൂളിനെ ബാധിച്ചു. ഈ വര്‍ഷം സ്‌കൂളില്‍ പ്രവേശനം നേടിയത് അഞ്ച് കുട്ടികള്‍. ആകെ സ്‌കൂളിലുള്ളത് 16 കുട്ടികള്‍ മാത്രം. മാനുരിച്ചാലിനു കുറുകെ പാലമില്ലാത്തത് സ്‌കൂളിനെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിക്കുകയാണ്.
ശക്തമായ മഴ വന്നാല്‍ മാനൂരിച്ചാല്‍ നിറഞ്ഞു കവിയും. കവുങ്ങിന്‍തടി ഉപയോഗിച്ച് നിര്‍മിച്ച പാലം വെള്ളത്തിലാവും. മുന്‍കാലങ്ങളില്‍ സ്‌കൂളില്‍ കൂടുതല്‍ കുട്ടികളെത്തിയിരുന്നത് ചാലിന് അക്കരെയുള്ള കൂട്ടപ്പുന്ന, മുങ്ങത്ത് ഭാഗങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ സ്‌കൂളിന്റെ പരിസരത്തുള്ള വീടുകളില്‍ നിന്നുള്ള കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കാനെത്തുന്നത്. ഒന്നാം ക്ലാസില്‍ അഞ്ചു പേരും രണ്ടാം ക്ലാസില്‍ രണ്ട് പേരും മൂന്നാം ക്ലാസില്‍ ആറ് പേരും നാലാം ക്ലാസില്‍ മൂന്ന് പേരുമാണ് ഇവിടെയുള്ളത്. ഈ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ ടിസി വാങ്ങി മറ്റ് സ്‌കൂളിലേക്കു പോയതോടെ ഹാജര്‍നില കുത്തനെ ഇടിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒരു കുട്ടി പാലത്തില്‍ നിന്ന് താഴെ വീണതും രക്ഷിതാക്കളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. പാലം ഇല്ലാത്തതിനാല്‍ നാട്ടുകാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. രോഗികളെയും കൊണ്ട് ആശുപത്രിയിലെത്താന്‍ കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. അസൗകര്യങ്ങള്‍ അവഗണിച്ചും സ്‌കൂളിലെത്തുന്ന കുട്ടികളും നാട്ടുകാരും അധ്യാപകരും കാത്തിരിക്കുന്നത് സഞ്ചാരയോഗ്യമായ ഒരു സ്ഥിരം പാലത്തിനായാണ്.
Next Story

RELATED STORIES

Share it