thrissur local

പാലപ്പിള്ളി തോട്ടം സമരം: ശാശ്വത പരിഹാരമായില്ല; തൊഴിലാളികള്‍ ഇന്നലെയും പണിമുടക്കി

പുതുക്കാട്: പാലപ്പിള്ളി ജ്യൂങ് ടോളി റബ്ബര്‍ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ച കൂലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെയും പണിമുടക്കി.
കമ്പനിയുടെ എച്ചിപ്പാറ ഡിവിഷന്‍, ചിമ്മിനി, കുണ്ടായി എസ്റ്റേറ്റുകളില്‍ തൊഴിലാളികള്‍ പൂര്‍ണ്ണമായാണ് പണിമുടക്കിയത്. വര്‍ധിപ്പിച്ച കൂലി നല്‍കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച എട്ടു മണിക്കൂറോളം മാനേജ്‌മെന്റ് സ്റ്റാഫുകളെ തൊഴിലാളികള്‍ ഓഫിസില്‍ പൂട്ടിയിട്ട് കമ്പനി ഉപരോധിച്ചിരുന്നു.
തുടര്‍ന്ന് പോലിസിന്റെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റും തൊഴിലാളി നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ 54 രൂപ ദിവസ വേതനം വര്‍ധിപ്പിച്ച് നല്‍കാമെന്ന ധാരണയില്‍ ഉപരോധ സമരം ഒത്തുതീര്‍പ്പാവുകയായിരുന്നു. നല്‍കുന്ന വേതനം അഡ്വാന്‍സാണെന്നും വര്‍ധനവ് പ്രാബല്ല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നല്‍കുന്ന വേതനം തിരിച്ചു പിടിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ കമ്പനിയുടെ ഈ നിലപാടിനെ ചില സംഘടനകള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ചൊവ്വാഴ്ച്ചയും പണി മുടക്കിയത്. കൂലി വര്‍ധനവ് നല്‍കുന്നതിന് വേണ്ട ശാശ്വത പരിഹാരം കാണാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല.
കൂലി വര്‍ധിപ്പിച്ച് നല്‍കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ കമ്പനിയുടെ ഹെഡ് ഓഫിസില്‍ നിന്നും ലഭിക്കാത്തതാണ് വര്‍ധിപ്പിച്ച കൂലി നല്‍കാന്‍ കമ്പനിക്ക് കഴിയാത്തത്.
എന്നാല്‍ ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും എസ്റ്റേറ്റുകളില്‍ സമരം ശക്തമാകുവാനാണ് സാധ്യത.
Next Story

RELATED STORIES

Share it