thrissur local

പാലപ്പിള്ളി തോട്ടം മേഖലയില്‍ കളനാശിനി പ്രയോഗം വ്യാപകം; ആശങ്ക അടിസ്ഥാനരഹിതമെന്ന് കമ്പനി 

പുതുക്കാട്: പാലപ്പിള്ളി തോട്ടം മേഖലയില്‍ വ്യാപകമായി നടക്കുന്ന കളനാശിനി പ്രയോഗം മൂലം നാട്ടുകാര്‍ ആശങ്കയില്‍. വനാതിര്‍ത്തികലിലുള്ള തോട്ടങ്ങളില്‍ കളനാശിനി പ്രയോഗം നടക്കുന്നതുമൂലം വന്യമൃഗങ്ങള്‍ ചത്തൊടുങ്ങുന്നതായും ആരോപണമുണ്ട്. പാലപ്പിള്ളി ജ്യൂങ്ങ്-ടോളി കമ്പനിയുടെ മൈസൂര്‍, ചിമ്മിനി, അക്കരപ്പാടി മേഖലകളിലാണ് കളനാശിനി പ്രയോഗം നടത്തി വരുന്നത്.
കഴിഞ്ഞ ദിവസം പുഴയില്‍ മീന്‍ ചത്ത് പൊന്തുകയും തോട്ടത്തില്‍ മുയലുകളെ ചത്ത നിലയില്‍ കെണ്ടത്തിയിരുന്നു. റബര്‍ മരങ്ങള്‍ക്കിടയിലെ കളകള്‍ നശിപ്പാനാണ് വീര്യമുള്ള നാശിനികള്‍ ഉപയോഗിക്കുന്നത്.
മരുന്നടിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ പുല്ലുകള്‍ കരിയും. പുല്ലില്‍ വീഴുന്ന മരുന്ന് കലരുന്ന വെള്ളം കുടിക്കുന്നതും മരുന്ന് പുരണ്ട പുല്ല് ഭക്ഷിക്കുന്നതുമാണ് മൃഗങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണമെന്ന് ആരോപണം ഉയരുന്നു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍ അമ്പതോളം തൊഴിലാളികള്‍ കള പറിച്ചിരുന്ന തോട്ടങ്ങളില്‍ ഇപ്പോള്‍ നാലു തൊഴിലാളികളെ വച്ചാണ് കളനാശിനി പ്രയോഗം നടത്തുന്നത്.
ലോകം മുഴുവന്‍ അംഗീകാരമുള്ള 'ഗ്ലൈസ്സിന്‍' എന്ന കളനാശിനിയാണ് തോട്ടങ്ങളില്‍ പ്രയോഗിക്കുന്നതെന്നും ജനങ്ങള്‍ക്കിടയിലെ ആശങ്ക അടിസ്ഥാന രഹിതമാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ നിരോധിച്ചിരുന്ന 'ഗ്രാമക്‌സോണ്‍' എന്ന കളനാശിനി തോട്ടങ്ങളില്‍ പ്രയോഗിച്ചിരുന്നു. തൊഴിലാളികള്‍ക്ക് ത്വക്ക് രോഗങ്ങളും അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കളനാശിനി പ്രയോഗം നിറുത്തി വച്ചെങ്കിലും മറ്റൊരു നാശിനിയുമായി കളകളെ നശിപ്പിക്കുന്നതില്‍ തൊഴിലാളികളും ആശങ്കയിലാണ്.
Next Story

RELATED STORIES

Share it