Flash News

പാലത്തില്‍ വിള്ളല്‍ : കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ ഗതാഗതം നിരോധിച്ചു



നെടുങ്കണ്ടം: കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനു സമീപം പാറത്തോട് പാലത്തില്‍ അപകടരമാംവിധം വിള്ളല്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഈവഴിയുള്ള ഗതാഗതം നിരോധിച്ചു. അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിയും ഇടിഞ്ഞിട്ടുണ്ട്. പുറത്തേക്കു തള്ളിയ പാലത്തിന്റെ കല്‍ക്കെട്ട് ഏതുനിമിഷവും തകരുമെന്ന അവസ്ഥയിലാണ്. ഇന്നലെ രാവിലെയാണ് പാലത്തിലെ വിള്ളല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പാറത്തോട് നിവാസികളും ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റും മറ്റ് അംഗങ്ങളും ചേര്‍ന്ന് വാഹനങ്ങള്‍ തടയുകയായിരുന്നു. ഇരുചക്ര വാഹനങ്ങളാണ് ഇതുവഴി കടന്നു പോവുന്നത്. അപകടഭീതി ഒഴിവാക്കാന്‍ വാഹനങ്ങള്‍ ഉടുമ്പന്‍ചോല-കോമ്പയാര്‍-നെടുങ്കണ്ടം റൂട്ടിലൂടെ പോവണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. 60 വര്‍ഷത്തിലേറെ പഴക്കമുള്ള ചെറുപാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി ദുര്‍ബലപ്പെട്ട് റോഡ് ഇടിഞ്ഞ് താഴ്ന്നതാണ് പാലം അപകടാവസ്ഥയിലാവാന്‍ കാരണം. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ പാറത്തോട് ടൗണിലാണ് ചെറുപാലമുള്ളത്. പാലം പുതുക്കിപ്പണിയ—ണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോവാന്‍ മാത്രം വീതിയുള്ള പാലം ജീര്‍ണാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. കൈവരികള്‍ അപകടങ്ങളെ തുടര്‍ന്ന് തകര്‍ന്നിരിക്കുകയാണ്. പാലത്തിന് ഇരുവശങ്ങളിലും കുത്തനെയുള്ള ഇറക്കമാണ് ഇത് അപകടത്തിന് കാരണമാവുന്നു. ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ ദിവസവും കടന്നു പോവുന്നതും പാലത്തിന്റെ ബലക്ഷയത്തിന് ആക്കം കൂട്ടുന്നതായാണ് പൊതുമരാമത്ത് വകുപ്പിന്റെ നിഗമനം. അപകടാവസ്ഥയിലായ പാലത്തിന്റെ ഒരുവശത്തെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി ബലപ്പെടുത്തുമെന്ന് പൊതുമരാമത്ത് ഇടുക്കി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരീഷ് കുമാര്‍ പറഞ്ഞു. ഇതിനായി ഇപ്പോഴുള്ള ഭിത്തിയുടെ പുറത്തേക്ക് രണ്ട് മീറ്റര്‍ ഇറക്കി പുതിയ സംരക്ഷണഭിത്തി നിര്‍മിക്കും. പ്രവൃത്തി നാളെ രാവിലെ ആരംഭിച്ച് ഞായറാഴ്ചയോടെ പൂര്‍ത്തീകരിക്കാനാണ് ശ്രമം. തിങ്കളാഴ്ചയോടെ പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനാവുമെന്നും അദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it