Alappuzha local

പാലത്തിനും ജലയാത്രയ്ക്കും ഭീഷണിയായി മാലിന്യം

ഹരിപ്പാട്: ചെറുതന പഞ്ചായത്തിലെ പാണ്ടി പുത്തനാര്‍ പാലത്തിന്റെ പില്ലറുകളിലാണ്  വന്‍തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടി ഭീഷണിയായിരിക്കുന്നത്.  നീരൊഴുക്കിന് വരെ ഭീഷണിയായിരിക്കുകയാണ് മാലിന്യങ്ങള്‍. വീയപുരത്ത് നിന്നും  വെട്ട് കുളഞ്ഞിയില്‍ നിന്നും ഇടത്തോട്ട് പുത്തനാര്‍ വഴി ലീഡിങ് ചാനലിലേക്കും നേരെ തകഴിയിലേക്ക് ഒഴുകുന്ന പമ്പാനദിയിലാണ് ഒഴുകിയെത്തിയ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുന്നത്.
ഒരു മീറ്ററോളം ആഴത്തില്‍ കെട്ടിക്കിടക്കുന്നതിനാല്‍ വള്ളങ്ങളില്‍ ചെന്ന് നീക്കം ചെയ്യുന്നതിനും ഏറെ പ്രതിസന്ധി നേരിടും.  ചെറുതനയെ അവികസിതമായി കിടന്ന പാണ്ടിയുമായി ബന്ധിപ്പിക്കുന്നതിന് അഡ്വ. ബി ബാബുപ്രസാദ്  എംഎല്‍എ ആയിരുന്ന വേളയില്‍ പത്തുവര്‍ഷം മുമ്പ് നിര്‍മിച്ച ഓട്ടോ പാലമാണ് പാണ്ടി പുത്തനാര്‍ പാലം. പാലത്തിന്റെ തൂണുകള്‍ അടുത്തടുത്തായി സ്ഥാപിച്ചിരിക്കുന്നതിനാല്‍   ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ തൂണുകളില്‍ തന്നെ അടിഞ്ഞു കിടക്കുകയാണ്. പാലത്തിന്റെ നിര്‍മാണ വേളയില്‍ തന്നെ തൂണുകള്‍ അടുത്തടുത്ത് വരുന്നതിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടിരുന്നു.
എന്നാല്‍ അകലം കൂട്ടുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിരുന്നില്ല.  ഇപ്പോഴാണ് തൂണുകള്‍ അടുത്തതിന്റെ പ്രത്യാഘാതം ജനങ്ങള്‍ അനുഭവിക്കുന്നത്. നദിയുടെ നടുവിലുള്ള തൂണിന്റെ ഭാഗം മാത്രം  മാലിന്യമില്ലാതെ കിടക്കുന്നുണ്ട്. എന്നാല്‍ നടുവില്‍ ആഴം കൂടുതലുള്ളതിനാല്‍ വള്ള യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നില്ല.   കാലവര്‍ഷം ശക്തമാകുന്നതോടെ പാടശേഖരങ്ങളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങള്‍ കൂടി ഇവിടെ പതിന്മാടങ്ങായി കുമിഞ്ഞു കൂടും.
ഇത്  പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. മാലിന്യം അടിഞ്ഞതോടെ നീരൊഴുക്കും പ്രതിസന്ധിയിലായി.   നൂറു കണക്കിന് കുടുംബങ്ങള്‍ ദൈനംദിനാവശ്യങ്ങള്‍ക്ക്  ഇവിടെ നിന്നാണ്   ജലം സംഭരിക്കുന്നത്.
മാലിന്യം വെള്ളത്തില്‍ നിന്ന് അഴുകി ദുര്‍ഗന്ധവും അനുഭവപ്പെടാന്‍  തുടങ്ങി.  ഗ്രാമപ്പഞ്ചായത്തോ  ജലസേചന വകുപ്പോ മുന്‍കൈയ്യെടുത്ത് കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍  നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
Next Story

RELATED STORIES

Share it