palakkad local

പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി നിര്‍മാണോദ്ഘാടനം ഇന്ന്

പാലക്കാട്: ജില്ലാപ്പഞ്ചായത്ത്,  സ്‌മോള്‍ ഹൈഡ്രോ കമ്പനി വഴി നടപ്പാക്കുന്ന രണ്ടാമത്തെ ചെറുകിട ജലവൈദ്യുതി പദ്ധതിയായ പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി നിര്‍മാണോദ്ഘാടനം കിഴക്കഞ്ചേരി പഞ്ചായത്തില്‍ ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയും മന്ത്രി എ കെ ബാലനും സംയുക്തമായി നിര്‍വഹിക്കും. പദ്ധതി പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി അധ്യക്ഷയാകും.  എംപിമാരായ പി കെ ബിജു, എം ബി രാജേഷ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. കെ ഡി പ്രസേനന്‍  എംഎല്‍എ ആദരപത്ര സമര്‍പ്പണം നടത്തും. പദ്ധതിക്കാവശ്യമായ സ്ഥലത്തിന്റെ വിലയുള്‍പ്പെടെ 13 കോടിയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. നെച്ചുപ്പാടം കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് സിവില്‍ വര്‍ക്കുകള്‍ കരാര്‍ എടുത്തിട്ടുളളത്.  ഇലക്ട്രിക്കലും മെക്കാനിക്കലുമായ വര്‍ക്കുകളുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി വരുന്നു. പദ്ധതിക്കാവശ്യമായ തുക പഞ്ചായത്തുകളില്‍ നിന്ന് 30 ശതമാനം ഇക്യുറ്റി ആയും ബാക്കി 70 ശതമാനം തുക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടമായും സ്വരൂപിക്കാനാണ് ഉദ്ദേശിച്ചിട്ടുളളത്. ഒമ്പതു കോടി രൂപ നബാര്‍ഡില്‍ നിന്ന് വായ്പയ്ക്ക്  അപേക്ഷിച്ചിട്ടുണ്ട്. നിലവില്‍ 4.35 ഏക്കര്‍ ഭൂമി കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് വാങ്ങിയിട്ടുണ്ട്.  4.328 ഏക്കര്‍ സ്വകാര്യ ഭൂമിയില്‍ സൗജന്യമായി വെളളം കെട്ടി നിര്‍ത്തന്‍ ഉടമ അനുവാദം  തന്നിട്ടുണ്ട്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി പറഞ്ഞു.
Next Story

RELATED STORIES

Share it