പാലക്കാട് മെഡിക്കല്‍ കോളജ്: കേന്ദ്രം സഹായം ഉറപ്പുനല്‍കിയതായി മന്ത്രി എ കെ ബാലന്‍

ന്യൂഡല്‍ഹി: പാലക്കാട് മെഡിക്കല്‍ കോളജിലെ അഞ്ചാം ബാച്ച് എംബിബിഎസ് പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കു മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തെന്നു പട്ടിക ജാതി, വര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി എ കെ ബാലന്‍.
പ്രശ്‌നപരിഹാരത്തിനുള്ള നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു.  പാലക്കാട് മെഡിക്കല്‍ കോളജിലെ അഞ്ചാം ബാച്ച് എംബിബിഎസ് പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിരുന്നില്ല.
മെഡിക്കല്‍ കോളജ് സംബന്ധിച്ച നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന വാദം തെറ്റെന്നു തെളിഞ്ഞിട്ടും നിലപാടില്‍ നിന്നു പിന്നോട്ടു പോവാന്‍ എംസിഐ തയ്യാറാവാത്തത് അടിസ്ഥാന വിഭാഗത്തോടുള്ള സാമൂഹികനീതിയുടെ ലംഘനമാണ്.  പ്രശ്‌നത്തില്‍ വളരെ പോസിറ്റീവായ സമീപനമാണു കേന്ദ്ര ആരോഗ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി പറഞ്ഞു. എംസിഐയുടെ തീരുമാനത്തെ ഏകപക്ഷീയമായി മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയില്ല.
സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുകയാണെങ്കില്‍ അനുകൂലമായ നിലപാട് കോടതിയില്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതിന്‍മേല്‍ 22നു നിലപാടറിയിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോടു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it