palakkad local

പാലക്കാട്-പൊള്ളാച്ചി പാതയില്‍ സ്റ്റോപ്പില്ല ; പ്രതിഷേധം ശക്തമാവുന്നു



കൊല്ലങ്കോട്: ഗേജ് മാറ്റം പൂര്‍ത്തിയായിട്ടും പാലക്കാട്-പൊള്ളാച്ചി പാതയില്‍ ട്രെയിന്‍ സര്‍വീസ് നടത്താതെ റെയില്‍വെ അധികൃതര്‍ ആദ്യം ഒളിച്ചുകളിച്ചു. പിന്നീട് പാലക്കാട്ട് നിന്ന് പൊള്ളാച്ചിയിലേക്ക് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ചെങ്കിലും ഏറെ താമസിയാതെ അത് റദ്ദാക്കി മലയാളി യാത്രക്കാരോട് മുഖംതിരിച്ചു. ഇപ്പോള്‍, പൊള്ളാച്ചി വഴി മധുരയിലേക്ക് നീട്ടി അമൃത എക്‌സ്പ്രസ്സിനും ചെന്നൈയില്‍ നിന്നും പാലക്കാട്ടേക്ക് നീട്ടിയ ട്രെയിനിനും ഒരു സ്റ്റോപ്പ് പോലും അനുവദിക്കാതെ റെയില്‍വേ വീണ്ടും മലയാളി യാത്രക്കാരെ വിഢികളാക്കി. റെയില്‍വേയുടെ തലതിരിഞ്ഞ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പാലക്കാട്-പൊള്ളാച്ചി ബ്രോഡ് ഗേജ് ലൈന്‍ പൂര്‍ത്തിയായത് ഏറെ പ്രതീക്ഷയോടെയാണ് കൊല്ലങ്കോട്, പുതുനഗരം, മുതലമട പ്രദേശവാസികള്‍ കാത്തിരുന്നത്. എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദീര്‍ഘദൂര ട്രെയിനുകളും പാസഞ്ചറുകളും ഓടുമെന്നും കൊല്ലങ്കോട് സ്‌റ്റേഷനില്‍ നിന്ന് യാത്ര പുറപ്പെടാമെന്നും കരുതിയവര്‍ക്ക് ഇപ്പോഴും നിരാശ മാത്രം. കേരള പിറവി ദിനത്തില്‍ പാലക്കാട് നിന്ന് മധുര വരെ നീട്ടിയ അമൃത എക്‌സ്പ്രസിന് പുതിയപാതയില്‍ സ്റ്റോപ്പ് അനുവദിക്കാതെ തമിഴ്‌നാട് ലോബികളുമായി ഒത്തുകളിക്കുകയാണ് റെയില്‍വേ ഉദ്യോഗസ്ഥരെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. ചെന്നൈയില്‍ നിന്നും പാലക്കാട് വരെ നീട്ടിയ ട്രെയിന്‍ ചെന്നൈ മുതല്‍ പഴനി വരെ സൂപ്പര്‍ഫാസ്റ്റായും പഴനി മുതല്‍ പാലക്കാട് വരെ പാസഞ്ചറായും ഓടുമെന്നും കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും അഞ്ചു സ്റ്റേഷനുകളിലും നിര്‍ത്താതെയാണ് ട്രെയിന്‍ ഇന്നലെ സര്‍വീസ് നടത്തിയത്. ട്രെയിന്‍ സര്‍വീസ് തുടങ്ങിയെങ്കിലും ഈ മേഖലയിലുള്ള യാത്രക്കാര്‍ക്ക് ഉപകാരമാവത്ത രീതിയിലുള്ള റെയില്‍വേയുടെ തീരുമാനത്തിനെതിരെ അമര്‍ഷം പുകയുകയാണ്. യാത്ര ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന റെയില്‍വേയുടെ നടപടി അപലപനീയമാണെന്ന് കൊല്ലങ്കോട് റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി. റെയില്‍വേയുടെ നടപടിയി ല്‍ പ്രതിഷേധിച്ച് നാട്ടുകാരും സന്നദ്ധ സംഘടനകളും യാത്രക്കാരും ഊട്ടറ റെയില്‍വേ ഗേറ്റിന് മുന്നില്‍ നിന്ന് ട്രെയിന്‍ കടന്നു പോകുന്ന സമയത്ത് കരിങ്കൊടി കാണിച്ച് മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെ ഭയന്ന് കൊല്ലങ്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ പ്ലാറ്റ്‌ഫോമിലേക്ക് പോകുന്ന വഴികള്‍ അടച്ചിട്ടു. കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷനില്‍ കംപ്യൂട്ടര്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്താത്തതാണ് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കാതിരിക്കാന്‍ കാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം. സ്ലീപര്‍ക്ലാസ് ഉള്‍പ്പെടെ ഉയര്‍ന്ന ക്ലാസില്‍ റിസര്‍വ് ചെയ്ത് പോവണമെങ്കില്‍ കംപ്യൂട്ടറൈസ്ഡ് ബുക്കിങ് കേന്ദ്രം ഒരുക്കണമെന്നാണ് പറയുന്നത്.
Next Story

RELATED STORIES

Share it