Palakkad

പാലക്കാട്-പൊള്ളാച്ചി പാത: വേഗപരിശോധനയ്ക്കായി പരീക്ഷണ ഓട്ടം ഇന്ന്


ികെ വി സുബ്രഹ്മണ്യന്‍
കൊല്ലങ്കോട്: പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ പാലക്കാട്-പൊള്ളാച്ചി പാതയില്‍ വേഗതാ പരിശോധനയ്ക്കായി ഇന്ന് തീവണ്ടി പരീക്ഷണ ഓട്ടം നടത്തും. റെയില്‍ എന്‍ജിനും ഒരു ബോഗിയും ഉള്‍പ്പെടുന്ന ട്രെയിനാണ് പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്കും പൊള്ളാച്ചിയില്‍ നിന്നും പാലക്കാട്ടേക്കും പരീക്ഷണാര്‍ഥം സര്‍വീസ് നടത്തുക. സുരക്ഷാ പരിശോധനയ്ക്ക് മുന്നോടിയായാണ് ഇന്ന് രാവിലെ ഈ പരീക്ഷണ ഓട്ടം. വേഗത പരിശോധിക്കുന്നതിനാല്‍ നൂറു കിലോമീറ്റര്‍ വേഗതയില്‍ വരെ ട്രെയിന്‍ ഓടാന്‍ സാധ്യതയുണ്ട്. പാളത്തിനരികില്‍ താമസിക്കുന്നവരും ലെവല്‍ ക്രോസുമായി ബന്ധപ്പെട്ടവരും ജാഗ്രത പുലര്‍ത്തണമെന്ന് റെയില്‍വേ അറിയിച്ചു. ഇരുപതിലധികം ബോഗികളുള്ള ബാലസ് റെയില്‍ (മെറ്റല്‍ കയറ്റിയ ട്രെയിന്‍) പല തവണ പാലക്കാട്-പൊള്ളാച്ചി ലൈനില്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും അവയെല്ലാം ഇരുപത് കിലോമീറ്ററിനടുത്ത് വേഗതയിലാണ് പോയിരുന്നത്. ഇക്കാരണത്താലാണ് 100 കിലോമീറ്റര്‍ വരെ വേഗതയില്‍ റെയില്‍വേ പരീക്ഷണ ഓട്ടം നടത്തുന്നത്. അതേസമയം പാലക്കാട്-പൊള്ളാച്ചി ലൈനിലെ ഗേജ് മാറ്റം പൂര്‍ത്തിയാക്കി സുരക്ഷ പരിശോധന നടത്തുന്നത് സംബന്ധിച്ച് റെയില്‍വേ ഇപ്പോഴും ഒളിച്ചുകളി തുടരുകയാണ്. സുരക്ഷാപരിശോധന എന്നു നടക്കുമെന്ന് റെയില്‍വേ ഇനിയും വ്യക്തമാക്കിയിട്ടില്ല. പരീക്ഷണ ഓട്ടത്തെ തുടര്‍ന്ന് 22ന് സുരക്ഷാ പരിശോധന ഉണ്ടായേക്കുമെന്നാണ് അനൗദ്യോഗിക വിവരം. കേന്ദ്ര വ്യോമയാന വകുപ്പിന്റെ കീഴിലുള്ള സുരക്ഷാ കമ്മിഷണറാണു പുതിയതായി പൂര്‍ത്തീകരിച്ച ലൈനുകളുടെ സുരക്ഷ പരിശോധിക്കേണ്ടത്. ബെംഗളൂരു ഓഫിസില്‍ നിന്നുള്ള കമ്മീഷണര്‍ നടത്തേണ്ടത്. പാലക്കാട് മുതല്‍ പൊള്ളാച്ചി വരെയുള്ള ഭാഗത്ത് ഏഴ് റയില്‍വേ മേല്‍പ്പാലങ്ങളുടെയും 129 ചെറിയ പാലങ്ങളുടെയും പണി ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗേജുമാറ്റത്തെ തുടര്‍ന്നുള്ള പ്രാദേശികമായുള്ള യാത്രാപ്രശ്‌നം പരിഹരിക്കുന്നതിന് 13 സബ്‌വേകളും പണി പൂര്‍ത്തിയാക്കി. പുതിയ പാതയില്‍ 35 ലെവല്‍ ക്രോസിങ്ങുകളാണുള്ളത്. ഇതില്‍ ആറെണ്ണം ആളില്ലാ ലവല്‍ ക്രോസാണ്. പാലക്കാട് ടൗണ്‍, പുതുനഗരം, വടകന്നികാപുരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ്, പൊള്ളാച്ചി ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് ഉണ്ടാവുക. സ്‌റ്റേഷന്‍ പദവി ഉണ്ടായിരുന്ന വടകന്നികാപുരവും ആനമല റോഡും പുതിയ സ്‌റ്റേഷനുകളാണ്. ഇന്ന് പരീക്ഷണ ഓട്ടം നടത്തി ലൈന്‍ കമ്മീഷന്‍ ചെയ്യുന്നതിനുള്ള നടപടിയാവുന്നതോടെ 2008 ഡിസംബര്‍ 10നു നിര്‍ത്തിയ റെയില്‍ സര്‍വീസ് ആരംഭിക്കുന്നതിനും നടപടിയാവുമെന്നാണ് ലഭ്യമാവുന്ന സൂചനകള്‍.അതേസമയം പാതയോട് ചേര്‍ന്നുള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചുകഴിഞ്ഞതായി റെയില്‍വേ ഊട്ടറ കൊല്ലങ്കോട് റെയില്‍ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു. എന്നാല്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ തന്നെ ലൈന്‍ കമ്മീഷന്‍ ചെയ്യണമെന്നും ലൈന്‍ നിര്‍ത്തുമ്പോള്‍ ഉണ്ടായിരുന്ന എല്ലാ ട്രെയിനുകളും പുനരാരംഭിക്കണമെന്നും പൊള്ളാച്ചിവരെ വരുന്ന എക്‌സ്പ്രസുകള്‍ പാലക്കാട് വരെ നീട്ടണമെന്നും തിരുവനന്തപുരം-അമൃത എക്‌സ്പ്രസ് പൊള്ളാച്ചിവരെ നീട്ടണമെന്നും മധുരയില്‍ നിന്ന് പൊള്ളാച്ചിവരെ വരുന്ന ട്രെയിന്‍ മഡ്ഗാവ് വരെ നീട്ടണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഊട്ടറ ഗേറ്റ് അടക്കുമ്പോള്‍ ഉണ്ടാവുന്ന ഗതാഗത തടസ്സത്തിന് ശാശ്വതപരിഹാരമായി മേല്‍പ്പാലം യുദ്ധകാലാടിസ്ഥാനത്തില്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഭാരവാഹികളായ സി മുരുകന്‍, വെങ്കിടേഷ് മുരുകന്‍, കെ വി സുബ്രഹ്മണ്യന്‍, വൈദ്യനാഥന്‍, സുബ്രഹ്മണ്യന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it