പാലക്കാട് നഗരസഭ: പ്രതിപക്ഷ പ്രതിഷേധംബിജെപിയുടെ കന്നി ബജറ്റ് അലങ്കോലമായി

കെ സനൂപ്

പാലക്കാട്: വിശദീകരണക്കുറിപ്പില്‍ നരേന്ദ്ര മോദിയുടെ കാവിചിത്രം ഉള്‍പ്പെടുത്തിയതിനെചൊല്ലി പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാലക്കാട് നഗരസഭയിലെ ബിജെപിയുടെ ആദ്യ ബജറ്റ് അവതരണം അലങ്കോലമായി. യുഡിഎഫ്, എല്‍ഡിഎഫ്, സ്വതന്ത്രാംഗങ്ങള്‍ എന്നിവരുടെ പ്രതിഷേധം വകവയ്ക്കാതെ മോദിയുടെ കാവി ചിത്രം ആലേഖനം ചെയ്ത വിശദീകരണക്കുറിപ്പ് വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ വായിക്കുകയും വോട്ടിങ് ഭയന്ന് ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ ബജറ്റ് പാസായതായി അറിയിക്കുകയുമായിരുന്നു.
ഇന്നലെ രാവിലെ 10.45 ഓടെയാണ് പാലക്കാട് നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. നഗരത്തില്‍ ഒരു മാസത്തോളമായി മാലിന്യ നീക്കം സ്തംഭിച്ച കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് ഭവദാസും മറ്റുഅംഗങ്ങളും മാലിന്യനീക്കം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. ഇതെത്തുടര്‍ന്ന് യോഗം നിര്‍ത്തി ചര്‍ച്ചയ്ക്കുശേഷം മാലിന്യ നീക്കം ഇന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ അറിയിച്ചു.
11ന് ബജറ്റവതരണത്തിനായി വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ എഴുന്നേറ്റതോടെ പ്രതിപക്ഷ അംഗങ്ങളും സ്വതന്ത്രാംഗങ്ങളും പ്രതിഷേധവുമായി മോദിയുടെ കാവി നിറത്തിലുള്ള ചിത്രം ആലേഖനം ചെയ്ത ബജറ്റ് വിശദീകരണക്കുറിപ്പ് ചീന്തിയെറിഞ്ഞു രാഷ്ട്രീയപ്രേരിതമായ ബിജെപിയുടെ ബജറ്റ് അവതരണം അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയര്‍പേഴ്‌സനെ വളയുകയുമായിരുന്നു.
തുടര്‍ന്ന് ബജറ്റവതരണം അരമണിക്കൂറോളം തടസ്സപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഏകപക്ഷീയമായി ബജറ്റ് പ്രഖ്യാപിച്ച ബിജെപി നടപടിക്കെതിരേ സംസ്ഥാന തലത്തില്‍ ഇരുമുന്നണികളും മറ്റ് സ്വതന്ത്ര കൗണ്‍സിലര്‍മാരും സര്‍ക്കാരിന് പരാതി നല്‍കിയതോടെ 52 അംഗങ്ങളില്‍ 24 കൗണ്‍സിലര്‍മാരുടെ മാത്രം പിന്തുണയുള്ള ബിജെപിക്ക് പാലക്കാട് നഗരസഭാ ഭരണം നഷ്ട്‌പ്പെടാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it