Flash News

പാലക്കാട് ജില്ലാ കമ്മിറ്റി പിളര്‍ന്നു : വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ ഭിന്നത മറനീക്കുന്നു



പാലക്കാട്: കേരള  വ്യാപാരി വ്യവസായി ഏകോപനസമിതിയിലെ ഭിന്നതകള്‍ മറനീക്കിയതോടെ പാലക്കാട് ജില്ലാ കമ്മിറ്റി പിളര്‍ന്നു. ഇന്നലെ സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്റെ  നേതൃത്വത്തില്‍ ടോപ് ആന്റ് ടൗണ്‍ ഓഡിറ്റോറിയത്തിലും, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്തിന്റെ നേതൃത്വത്തില്‍ വ്യാപാരഭവനിലും പ്രത്യേക ജില്ലാ  ജനറല്‍ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. ജില്ലാ കമ്മിറ്റിയില്‍ നടന്ന സാമ്പത്തിക തിരിമറിയിലും സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലും ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടതായും, പുതിയ അഡ്‌ഹോക് കമ്മിറ്റിയെ നിയമിച്ചതായും സംസ്ഥാന പ്രസിഡന്റ് ടി നാസിറുദ്ദീന്‍ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ 801 ജില്ലാ കൗണ്‍സിലര്‍മാരില്‍ 650 പേര്‍ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തതായി സംസ്ഥാന പ്രസിഡന്റ് അറിയിച്ചു. ബാബു കോട്ടയില്‍ പ്രസിഡന്റായും, കെ എ ഹമീദ് ജനറല്‍ സെക്രട്ടറിയായും, വി എം ലത്തീഫ് ഖജാഞ്ചിയായുമാണ് ജില്ലാ അഡ്‌ഹോക് കമ്മിറ്റി രൂപവല്‍ക്കരിച്ചത്.  പുതിയ ജില്ലാ കമ്മിറ്റി ജൂലൈ മാസത്തില്‍ നിലവില്‍വരും. അതിനു മുമ്പ് യൂനിറ്റ് തലത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. ജില്ലയില്‍ 156 യൂനിറ്റുകളാണു നിലവിലുള്ളത്.അതേസമയം താന്‍ ഇപ്പോഴും ജനറല്‍ സെക്രട്ടറിയാണെന്നും സംസ്ഥാന പ്രസിഡന്റ് വിളിച്ചുചേര്‍ത്ത ജില്ലാ കൗണ്‍സില്‍ യോഗം ഔദ്യോഗികമല്ലെന്നും ജോബി വി ചുങ്കത്തിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സമ്മേളനത്തിനു ശേഷം അദ്ദേഹം അറിയിച്ചു.സംഘര്‍ഷഭരിതമായ സാഹചര്യത്തിലായിരുന്നു ഇരു നേതാക്കളുടെയും നേതൃത്വത്തില്‍ ഇന്നലെ പാലക്കാട് യോഗം നടന്നത്. ഇരു യോഗവേദികളും തമ്മില്‍ അധികം ദൂരമില്ലാത്തതിനാല്‍ പോലിസ് സന്നാഹവും ഒരുക്കിയിരുന്നു. രാവിലെ ഇരുവിഭാഗം നേതാക്കളെയും ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാര്‍ വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തിയിരുന്നു.
Next Story

RELATED STORIES

Share it