palakkad local

പാലക്കാട് ജില്ലയില്‍ 1329 വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ എ പ്ലസ്

പാലക്കാട്: ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയ 93.99 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷയെഴുതിയ 43200 വിദ്യാര്‍ഥികളില്‍ 40602 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 1329 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മൂന്ന് ശതമാനത്തോളം വിജയം ഇത്തവണ കുറവാണ്. എന്നാല്‍ സംസ്ഥാനതലത്തില്‍ കഴിഞ്ഞ ഏറ്റവും അവസാനമായ 14ാം സ്ഥാനത്തായിരുന്ന ജില്ല ഇത്തവണ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിമൂന്നാം സ്ഥാനത്തേക്കു കയറി.
ജില്ലയില്‍ 56 സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. ഇതില്‍ 11 സര്‍ക്കാര്‍ സ്‌കൂളുകളും ഉള്‍പ്പെടുന്നു. എയ്ഡഡ് മേഖലയില്‍ 15ഉം, അണ്‍ എയ്ഡഡ് മേഖലയില്‍ 30 സ്‌കൂളുകളും 100 ശതമാനം വിജയം നേടി.
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയ ജില്ലയിലെ സ്‌കൂളുകളില്‍ മുന്നില്‍. 30 സ്‌കൂളുകളാണ് പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 100 ശതമാനം നേട്ടം കൈവരിച്ചത്. പാലക്കാട്, ഒറ്റപ്പാലം, മണാര്‍ക്കാട് തുടങ്ങി മൂന്നു വിദ്യാഭ്യാസജില്ലകളാണ് റവന്യൂ ജില്ലയിലുള്ളത്. ഇതില്‍ പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 608 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഇവരില്‍ 443 പേര്‍ പെണ്‍കുട്ടികളും 165 പേര്‍ ആണ്‍കുട്ടികളുമാണ്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 265 പെണ്‍കുട്ടികളും 95 ആണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 361 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതില്‍ 248 പെണ്‍കുട്ടികളും 113 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
എസ്സി-എസ്ടി വിദ്യാര്‍ഥികളില്‍ 52 പേരാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയത്. ഇതിലും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നിലാണ്. 41 പെണ്‍കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയപ്പോള്‍ 11 ആണ്‍കുട്ടികള്‍ക്കാണ് ഈ നേട്ടത്തിലെത്താന്‍ സാധിച്ചത്. ജില്ലയിലെ ട്രൈബല്‍ സ്‌കൂളുകളും ഇത്തവണ ഭേദപ്പെട്ട വിജയം കരസ്ഥമാക്കി. നാല് ട്രൈബല്‍ സ്‌കൂളുകളാണ് ജില്ലയിലുള്ളത്.
182 വിദ്യാര്‍ഥികള്‍ ഈ സ്‌കൂളുകളില്‍ നിന്നായി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. മറ്റത്തുകാട് ജിടിഎച്ച്എസില്‍ 17 പേര്‍ പരീക്ഷയെഴുതിയതില്‍ 14 പേരും (82.35 %), ആനക്കല്‍ ജിടി ഡബ്ല്യു എച്ച് എസില്‍ 38 പേര്‍ പരീക്ഷയെഴുതിയതില്‍ 28 പേരും (73.68%), ഉപരിപഠനത്തിന് യോഗ്യതനേടി. പുതൂര്‍ ജിടിഎച്ച് എസില്‍ 54 പേര്‍ പരീക്ഷയെഴുതിയവരില്‍ 35 പേരും (64.81 %), ഷോളയൂര്‍ ജിടിഎച്ച്എസില്‍ 152 പേര്‍ പരീക്ഷയെഴുതിയതില്‍ 105 പേരും (69.08%) ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി.
Next Story

RELATED STORIES

Share it