palakkad local

പാലക്കാട്: ജില്ലയിലെ തിരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി നടത്താന്‍ രാഷ്ട്രീയ കക്ഷികള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി

പാലക്കാട്: ജില്ലയിലെ തിരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി നടത്താന്‍ രാഷ്ട്രീയ കക്ഷികള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
വോട്ട് രേഖപ്പെടുത്തുമ്പോള്‍ വിശദാംശങ്ങള്‍ അടങ്ങിയ സ്ലിപ്പ് ലഭ്യമാക്കുന്ന വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ പദ്ധതി (വിവിപാറ്റ്) പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് നിയമാസഭാമണ്ഡലത്തിലാണ് ഉപയോഗിക്കുക. വോട്ട് രേഖപ്പെടുത്തുമ്പോള്‍ ചിഹ്നം, സ്ഥാനാര്‍ത്ഥിയുടെ പേര്, സീരിയല്‍ നമ്പര്‍ എന്നിവയും വി വി പാറ്റില്‍ രേഖപ്പെടുത്തിയിരിക്കും. ഏഴുസെക്കന്റുസമയം വോട്ടര്‍ക്ക് ഇത് കാണാന്‍ കഴിയും. എട്ടാം സെക്കന്റില്‍ പേപ്പര്‍ സ്ലിപ് സ്വയംമുറിഞ്ഞ് പ്രത്യേക പെട്ടിയില്‍ വീഴുകയും ചെയ്യും. ഇത് വോട്ടര്‍ക്ക് കൈയില്‍ ലഭിക്കുകയില്ല. വോട്ടിങ് യന്ത്രത്തോടൊപ്പം ഈ സ്ലിപ്പുകള്‍ അടങ്ങിയ പെട്ടിയും പ്രത്യേകം സീല്‍ ചെയ്ത് സൂക്ഷിക്കും.
വോട്ട് എണ്ണുന്നതില്‍ വിവാദങ്ങള്‍ ഉണ്ടാവുകയാണങ്കില്‍ ഈ സ്ലിപ് ഉപയോഗിച്ച് വിജയിയെ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് ഇതിന്റെ നേട്ടമായി കാണുന്നത്. ഇതിനു പുറമെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ഇ-പരിഹാരം പദ്ധതിയും, വിവിധ ആവശ്യങ്ങള്‍ക്ക് ഉടനടി അനുമതി നല്‍കുന്നതിന് ഇ-അനുമതിയും ഈ തിരഞ്ഞെടുപ്പില്‍ ആദ്യമായി നടപ്പാക്കും. ജാതിയുടേയോ മതത്തിന്റെയോ പേരില്‍ വോട്ട് ചോദിക്കരുതെന്നും ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. വ്യക്തികളുടെ സ്വകാര്യജീവിതത്തെ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിമര്‍ശിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണം. വ്യക്തികളുടെ പ്രവര്‍ത്തനങ്ങളിലും അഭിപ്രായങ്ങളിലും വിമര്‍ശനം രേഖപ്പെടുത്തുന്നതിനുവേണ്ടി വീടിനു മുന്നില്‍ പ്രകടനം, പിക്കറ്റിങ് എന്നിവ ഒഴിവാക്കണം. സ്വകാര്യ കെട്ടിടം, മതില്‍ തുടങ്ങിയവയില്‍ അനുമതിയില്ലാതെ പരസ്യപ്രചരണത്തിനുപയോഗിക്കരുത്.
യോഗങ്ങള്‍ നടക്കുമ്പോള്‍ നടക്കുന്ന സ്ഥലം, സമയം തുടങ്ങിയ കാര്യങ്ങള്‍ ബന്ധപ്പെട്ട പോലിസ് അധികാരികളെ അറിയിക്കണം. ജാഥ നടത്തുമ്പോള്‍ വിശദാംശങ്ങളും പോലിസില്‍ അറിയിക്കണം. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തല്‍, ആള്‍മാറാട്ടം നടത്തുക എന്നിവയും കുറ്റകരമാണ്. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മുരളി കെ താരേക്കാട് (സിഎംപി), പി രാജന്‍ (ജെഎസ്എസ്), കളത്തില്‍ അബ്ദുള്ള (ഐയുഎംഎല്‍), ടി എം ചന്ദ്രന്‍ (ആര്‍എസ്പി), കെ കൃഷ്ണന്‍കുട്ടി (സിപിഐ), സി കെ രാജേന്ദ്രന്‍ (സിപിഎം), വി രാമചന്ദ്രന്‍ (കോണ്‍ഗ്രസ്സ്), എ ഭാസ്‌ക്കരന്‍ (ജെഡിയു), എം കബീര്‍ (എന്‍സിപി), കെ വി വിശ്വനാഥന്‍ (ബിജെപി), എസ് മുഹമ്മദ് (വെല്‍ഫെയര്‍ പാര്‍ട്ടി). ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി ഗോപാലകൃഷ്ണന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it