പാലക്കാട്: ചെങ്കോട്ട ആക്രമിക്കാന്‍ യുഡിഎഫ് ; സംരക്ഷിക്കാന്‍ എല്‍ഡിഎഫ്

കെ സനൂപ്

പാലക്കാട്: ഇടതിനു വ്യക്തമായ മേല്‍കൈയുള്ള പാലക്കാട്ടെ മണ്ഡലങ്ങള്‍ ഒന്നൊന്നായി കൈവശപ്പെടുത്താമെന്ന ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടത്തിലും യുഡിഎഫ്. അതേസമയം നിശ്ശബ്ദ പ്രചാരണത്തിലേക്കു കടക്കുമ്പോള്‍ നിലവില്‍ കൂടെയുള്ള മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം നാലെണ്ണം കൂടി നേടിയെടുക്കാമെന്ന വിശ്വാസത്തില്‍ എല്‍ഡിഎഫ്.
2011ലെ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍, തരൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, നെന്‍മാറ മണ്ഡലങ്ങള്‍ നേടി എല്‍ഡിഎഫ് ലീഡ് നിലനിര്‍ത്തിയപ്പോള്‍ മണ്ണാര്‍ക്കാട്, പട്ടാമ്പി, ചിറ്റൂര്‍, തൃത്താല, പാലക്കാട് മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പമായിരുന്നു. ഇടതു കോട്ടകളായിരുന്ന പാലക്കാട്, തൃത്താല മണ്ഡലങ്ങള്‍ യുഡിഎഫ് കൈയടക്കി. പട്ടാമ്പി, തൃത്താല, പാലക്കാട് തിരിച്ചുപിടിക്കുന്നതിനൊപ്പം ജനതാദള്‍ എസിനെ ഉപയോഗപ്പെടുത്തി ചിറ്റൂര്‍ സ്വന്തമാക്കാമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.
നിലവിലുള്ള മണ്ഡലങ്ങള്‍ക്കൊപ്പം മികച്ച സ്ഥാനാര്‍ഥികളെ ഉപയോഗപ്പെടുത്തി കോങ്ങാട്, നെന്‍മാറ, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മണ്ഡലങ്ങള്‍ കൂടി വരുതിയിലാക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മോദിയുടെ സോമാലിയ പ്രസ്താവനയോടെ ബിജെപി-ബിഡിജെഎസ് സഖ്യത്തിന് പാലക്കാട്, മലമ്പുഴ, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ നിലവിലുണ്ടായിരുന്ന സാധ്യതകള്‍ കൂടി ഇല്ലാതാവുന്ന കാഴ്ചയാണുള്ളത്. പാലക്കാട് നഗരസഭയില്‍ ബിജെപിക്കുള്ള മേല്‍കൈ ഉപയോഗപ്പെടുത്തി പാലക്കാട്ടും ബിഡിജെഎസിനെ ഉപയോഗപ്പെടുത്തി മലമ്പുഴ, ഷൊര്‍ണൂര്‍ മണ്ഡലങ്ങളിലും അട്ടിമറി വിജയം നേടാനാവുമെന്നായിരുന്നു എന്‍ഡിഎയുടെ വിശ്വാസം. അതെല്ലാം അവസാനഘട്ടത്തില്‍ അപ്രസക്തമാവുകയാണ്. വീറും വാശിയും നിറഞ്ഞ പ്രചാരണം അവസാനിക്കുമ്പോള്‍ പട്ടാമ്പി, പാലക്കാട്, ചിറ്റൂര്‍, നെ ന്‍മാറ, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ ശക്തമായ മല്‍സരമാണ്. കോങ്ങാട്, ഒറ്റപ്പാലം, നെന്‍മാറ, ഷൊര്‍ണൂര്‍, പട്ടാമ്പി മണ്ഡലങ്ങളില്‍ ജയപരാജയ സമവാക്യങ്ങളില്‍ കാര്യമായ മാറ്റമുണ്ടാവാനാണ് സാധ്യത. പാലക്കാട്ട് മണ്ഡലത്തില്‍ ബിജെപിയും ഷൊര്‍ണൂരില്‍ ബിജെഡിഎസും നിര്‍ണായക വോട്ടുകള്‍ നേടാനും സാധ്യതകള്‍ ഏറെയാണ്.
പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ എസ്ഡിപിഐക്ക് ശക്തമായ വേരോട്ടമുണ്ട്. എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ നേടുന്ന വോട്ടുകളാവും ജയപരാജയങ്ങള്‍ നിശ്ചയിക്കുക.
പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ കെഎസ്‌യു പ്രസിഡന്റ് വി എസ് ജോയ് നേരിടുന്ന മലമ്പുഴയും സിറ്റിങ് എംഎല്‍എ സിപി മുഹമ്മദി (യുഡിഎഫ്)നെതിരേ ജെഎന്‍യു വിദ്യാര്‍ഥി മുഹമ്മദ് മുഹ്‌സിനെ എല്‍ഡിഎഫ് രംഗത്തിറക്കിയ പട്ടാമ്പിയും ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നു.
ഹരിത എംഎല്‍എ വി ടി ബലറാമിനെ (യുഡിഎഫ്) സുബൈദാ ഇസ്ഹാഖ് (എല്‍ഡിഎഫ്) നേരിടുന്ന തൃത്താലയും യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എന്‍ ശംസുദ്ദീനെ പരാജയപ്പെടുത്തണമെന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ പ്രഖ്യാപനം വന്ന മണ്ണാര്‍ക്കാടും മല്‍സരം കടുത്തതാണ്. യുഡിഎഫ് സിറ്റിങ് എംഎല്‍എ ഷാഫി പറമ്പില്‍ മല്‍സരിക്കുന്ന പാലക്കാട്ട് ശക്തമായ ത്രികോണ മല്‍സരമാണ്. എല്‍ഡിഎഫ് മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസിനെയും ബിജെപി ശോഭാ സുരേന്ദ്രനെയുമാണു രംഗത്തിറക്കിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോങ്ങാട് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു ജയിച്ച എല്‍ഡിഎഫ് സിറ്റിങ് എംഎല്‍എ കെ വി വിജയദാസിനെതിരേ മുന്‍മന്ത്രികൂടിയായ പന്തളം സുധാകരനെ ഇറക്കിയ യുഡിഎഫ് മല്‍സരം കടുത്തതാക്കി. ചിറ്റൂരില്‍ യുഡിഎഫിലെ അച്യുതന്റെ പടയോട്ടം തടയാന്‍ മുന്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയെയാണ് എല്‍ഡിഎഫ് നിയോഗിച്ചത്. ഇരുമുന്നണികള്‍ക്കും ഒരുപോലെ സ്വാധീനമുള്ള നെന്‍മാറ തിരിച്ചുപിടിക്കാന്‍ യുഡിഎഫ് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെയാണ് എല്‍ഡിഎഫിലെ പുതുമുഖം കെ ബാബുവിനെതിരേ രംഗത്തിറക്കിയത്. ഒറ്റപ്പാലത്ത് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ഉണ്ണിക്കെതിരേ മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ യുഡിഎഫിനു വേണ്ടി ശക്തമായ പോരാട്ടത്തിലാണ്. എസ്ഡിപിഐ-എസ്പി സഖ്യം സ്ഥാനാര്‍ഥികളായി എ എ സുള്‍ഫിക്കര്‍ (ഒറ്റപ്പാലം), സി പി മുഹമ്മദലി തൃത്താല, എസ് സക്കീര്‍ ഹുസയ്ന്‍ നെന്‍മാറ, യൂസഫ് അലനല്ലൂര്‍ (മണ്ണാര്‍ക്കാട്), സെയ്തലവി (ഷൊര്‍ണൂര്‍) സി എ റഊഫ് (പട്ടാമ്പി) എന്നിവരാണു മല്‍സരിക്കുന്നത്.
ദേശീയ, സംസ്ഥാന നേതാക്കളെ മൂന്ന് മുന്നണികളും പ്രചാരണത്തിന് എത്തിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്‌നാഥ്‌സിങ്, അമിത്ഷാ എന്നിവരെല്ലാം വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തി.
Next Story

RELATED STORIES

Share it