പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ഫാക്ടറി നിലവിലെ സാഹചര്യത്തില്‍ ആരംഭിക്കുന്നില്ലെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
കോച്ച് ഫാക്ടറി നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞ് ഈ വര്‍ഷം ഫെബ്രുവരിയില്‍ എംപി അയച്ച കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഇക്കാര്യം അറിയിച്ചത്. റെയില്‍വേക്ക് നിലവിലും സമീപഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ട്. അടുത്തിടെ കോച്ചുകളുടെ ആവശ്യകത സംബന്ധിച്ച കണക്കെടുത്തിരുന്നു. പുതിയ ഫാക്ടറികള്‍ക്ക് പകരം നിലവിലുള്ള കേന്ദ്രങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. 2008-09 ബജറ്റിലാണ് കോച്ച് ഫാക്ടറി പദ്ധതി പ്രഖ്യാപിച്ചത്. 2012-13 റെയില്‍വേ ബജറ്റില്‍ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാനും അനുമതി ലഭിച്ചു. പദ്ധതിയുമായി സഹകരിക്കാന്‍ ബിഇഎംഎല്‍ താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍, കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നില്ല. പദ്ധതിക്ക് വേണ്ടി കഞ്ചിക്കോട്ട് 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഹരിയാനയിലെ 161 ഏക്കര്‍ ഭൂമിയിലേക്ക് പദ്ധതി മാറ്റിസ്ഥാപിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നതായി നേരത്തേ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it