palakkad local

പാലക്കാട് -കുളപ്പുള്ളി സംസ്ഥാന പാത: അറ്റകുറ്റപ്പണികള്‍ കടലാസിലൊതുങ്ങി



പറളി: പാലക്കാട് -കുളപ്പുള്ളി സംസ്ഥാന പാതയുടെ അറ്റകുറ്റപ്പണികള്‍  കടലാസിലൊതുങ്ങി. പാതയുടെ പലഭാഗങ്ങളും ഇതിനകം തകര്‍ന്നു. സംസ്ഥാന ഹൈവേയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് വര്‍ഷങ്ങളായെങ്കിലും അറ്റകുറ്റപ്പണികള്‍ ഇതുവരെയും നടത്തിയിട്ടില്ല. അംഗീകാരം  ലഭിക്കാത്തതാണ് ഇതിനു പ്രധാന കാരണമെന്ന് പറയുന്നു. പാലക്കാട് മുതല്‍ കുളപ്പുള്ളിവരെയുള്ള പാതയില്‍ നിലവില്‍ ഓട്ടയടയ്ക്കല്‍പോലും നടന്നിട്ടില്ല. പാതയില്‍ പലയിടത്തും  വന്‍ഗര്‍ത്തങ്ങള്‍ രൂപം കൊണ്ടു. കണ്ണിയമ്പുറം, വാണിയംകുളം, കുളപ്പുള്ളി, മങ്കര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റോഡ് തകര്‍ച്ചയിലാണ്. പലയിടത്തും  നാട്ടുകാരും സന്നദ്ധ സംഘടനാപ്രവര്‍ത്തകരും തകര്‍ന്ന ഭാഗങ്ങളില്‍ സിമന്റ് ഉപയോഗിച്ച് നവീകരണം നടത്തിയിട്ടുണ്ട്്. പാലക്കാട് മുതല്‍ കുളപ്പുള്ളിവരെയുള്ള 47 കിലോമീറ്റര്‍ റോഡ് പൂര്‍ണമായും ടാറിങ് നടത്തേണ്ടത് അത്യാവശ്യമാണ്.റോഡ് നിര്‍മാണത്തിന്റെ ചുമതലയുണ്ടായിരുന്ന കെഎസ്ടിപിയെ തന്നെയാണ് അറ്റകുറ്റപ്പണി നടത്തുന്നതിനും നിയോഗിക്കേണ്ടത്. നാലരകോടി രൂപയ്ക്കടുത്ത് ഇതിനായി ചെലവുവരും. അതേസമയം സംസ്ഥാനപാതയായിട്ടും അഴുക്കുചാല്‍ നിര്‍മാണം പാതയില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഭൂരിഭാഗം സ്ഥലത്തും അഴുക്കുചാല്‍ ഇല്ലാത്ത സ്ഥിതിയാണുള്ളത്. ഇതുമൂലം മഴപെയ്താല്‍ മലിനജലവും മറ്റും റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. സംസ്ഥാന ഹൈവേ നിര്‍മാണം അശാസ്ത്രീയമാണന്നും ലോകോത്തര നിലവാരമുണ്ടായിരിക്കണമെന്ന മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്നും തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it