palakkad local

പാലക്കാട്ട് മുപ്പതിനായിരത്തോളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

പാലക്കാട്: രണ്ടുമാസം നീണ്ട അവധിദിനങ്ങളുടെ ആലസ്യത്തിന് വിരാമമിട്ട് മുപ്പതിനായിരത്തോളം കുരുന്നുകള്‍ ജില്ലയില്‍ ആദ്യാക്ഷരം കുറിച്ചു കല്ലിങ്കല്‍പാടം ഗവ. ഹയര്‍സെക്കന്റഡറി സ്‌കൂളില്‍ നടന്ന ജില്ലാതല സ്‌കൂള്‍ പ്രവേശനോലല്‍സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
പഞ്ചവാദ്യങ്ങളുടെ താളത്തോടെ ആരംഭിച്ച ഘോഷയാത്രയില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അണിനിരന്നാണ് ആദ്യക്ഷരം കുറിക്കാന്‍ എത്തിയ പുതുമുഖങ്ങളെ വിദ്യാലയം വരവേറ്റത്. മധുരം നല്‍കി സ്വീകരിച്ച കുട്ടികള്‍ വിദ്യാലയ മുറ്റത്തെത്തിയ ശേഷം മുപ്പത് മണ്‍ചിരാതുകളില്‍ വെളിച്ചം പകര്‍ന്നു. വിദ്യാലയത്തിലെ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള 30 ക്ലാസ് മുറികളുടെ പ്രതീകാത്മകമായിരുന്നു മണ്‍ചിരാതുകള്‍.
ആദ്യത്തെ ചിരാതിലേക്ക് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് വെളിച്ചം പകര്‍ന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളുടെ മുമ്പില്‍ മണ്‍ചിരാതുകള്‍ തിരികെടാതെ വച്ചു. അധ്യാപകരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും ജനപ്രതിനിധികളുടെയും വലിയ സാന്നിധ്യത്തിലായിരിന്നു കുട്ടികളെ വരവേറ്റത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി ഡി ഇ എ അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി.
കുട്ടികള്‍ക്കുള്ള പഠനകിറ്റ് വിതരണം പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പല്‍ സേതുമാധവന്‍ നിര്‍വഹിച്ചു.
പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുള്ള പയര്‍വിത്ത് ജില്ലാ പഞ്ചായത്ത് അംഗം മീനാകുമാരി സമ്മാനിച്ചു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഫര്‍ണീച്ചര്‍ വിതരണോദ്ഘാടനം സി കെ ചാമുണ്ണി നിര്‍വഹിച്ചു. കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി രെജിമോനും, പാഠപുസ്തക വിതരണം പാലക്കാട് ഡി പി ഒ യു കെ ഫൈസലും, എസ് എസ് എല്‍ സിക്ക് മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കും യു എസ് എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിനിമോളും നിര്‍വഹിച്ചു.
യൂനിഫാം വിതരണം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി സ്വാമിനാഥന്‍ നിര്‍വ്വഹിച്ചു. ആലത്തൂര്‍ എ ഇ ഒ ഇന്‍ചാര്‍ജ്ജ് ഓമനക്കുട്ടന്‍, പി ടി എ പി ടി എ പ്രസിഡന്റ് കെ ആര്‍ മുരളി, പ്രധാനധ്യാപകരായ സി മോഹനന്‍, കെ ആര്‍ മിനി എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it